
സ്വന്തം ലേഖകൻ: കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ട് വനിതാ ഗവേഷകര്‍ ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഭാവിയെ വലിയ തോതില്‍ മാറ്റിമറിച്ചേക്കാവുന്ന മുന്നേറ്റം സൃഷ്ടിച്ച ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
കോടിക്കണക്കിന് രാസാക്ഷരങ്ങളടങ്ങിയ ഡി.എന്‍.എ.തന്മാത്രകളില്‍ കൃത്യമായ തിരുത്തലുകളും മുറിച്ചുമാറ്റലും കൂട്ടിച്ചേര്‍ക്കലും സാധ്യമാക്കുന്ന ‘ക്രിസ്‌പെര്‍/കാസ്9’ (CRISPR/Cas9) ജീന്‍ എഡിറ്റിങ് വിദ്യയാണ് ഇരുവരും വികസിപ്പിച്ചത്. ഫ്രാന്‍സില്‍ ജനിച്ച കാര്‍പ്പെന്റിയര്‍, ജര്‍മനിയില്‍ ബെര്‍ലിനിലെ മാക്‌സ് പ്ലാങ്ക് യൂണിറ്റ് ഫോര്‍ ദി സയന്‍സ് ഓഫ് പാഥോജന്‍സി’ന്റെ ഡയറക്ടറാണ്. യു.എസില്‍ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് അമേരിക്കന്‍ വംശജയായ ദൗഡ്‌ന.
ഡി.എന്‍.എ.ശ്രേണീഭാഗമായ ക്രിസ്‌പെര്‍, ഒരു ഗൈഡ് ആര്‍.എന്‍.എ, ‘കാസ്9’ എന്ന രാസാഗ്നി-ഇത്രയുമാണ് ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യയുടെ കാതല്‍. ക്രിസ്‌പെര്‍ ആണ് ഗൈഡ് ആര്‍.എന്‍.എ.യെ സൃഷ്ടിക്കുക. നിശ്ചിത ജീനോം ശ്രേണീഭാഗം സെര്‍ച്ച് ചെയ്തു കണ്ടെത്തുക ഗൈഡ് ആര്‍.എന്‍.എ.ആണ്. ആ ശ്രേണീഭാഗം ഒരു കത്രികകൊണ്ടെന്ന വിധം കൃത്യമായി മുറിച്ചു മാറ്റാന്‍ കാസ് 9 രാസാഗ്നി (എന്‍സൈം) ക്ക് കഴിയും.
കാര്‍ഷികരംഗത്തെ വിളപരിഷ്‌ക്കരണം മുതല്‍ മാരകരോഗങ്ങള്‍ വരാനുള്ള സാധ്യത ജനിതകതലത്തില്‍ തിരുത്താന്‍ വരെ സഹായിക്കുന്ന വിദ്യയാണ് ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ്. കാര്‍പ്പെന്റിയറും ദൗഡ്‌നയും ചേര്‍ന്ന് 2012 ലാണ് ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ കണ്ടെത്തിയത്. ലോകമെങ്ങും ഇന്ന് വലിയ തോതില്‍ ഗവേഷണം നടക്കുന്ന മേഖലയാണിത്.
കാര്‍പ്പെന്റിയറും ദൗഡ്‌നയും കണ്ടെത്തിയ വിദ്യ, മനുഷ്യകോശങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍, ചൈനീസ് വംശജനായ അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞന്‍ ഫെങ് ഷാങ് വികസിപ്പിച്ചു. യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.ഐ.ടി) ഗവേഷകനാണ് ഷാങ്. കാര്‍പ്പെന്റിയര്‍, ദൗഡ്‌ന എന്നിവരെ ഒഴിവാക്കി, ക്രിസ്‌പെര്‍ വിദ്യയുടെ ക്രെഡിറ്റ് മുഴുവന്‍ ഫെങ് ഷാങിന് ലഭിക്കത്തകവിധം എം.ഐ.ടി. പേറ്റന്റ് നേടിയത് ശാസ്ത്രരംഗത്ത് വലിയ വിവാദമായിരുന്നു.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ജനറല്‍ ഗോറന്‍ ഹന്‍സണ്‍ ആണ് ബുധനാഴ്ച 2020 ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്‌കാരത്തുക.
തമോഗർത്ത ഗവേഷണത്തിന് ഭൗതികശാസ്ത്ര നൊബേൽ
തമോഗർത്ത ഗവേഷണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ റോജർ പെൻറോസ്, റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ പ്രശസ്ത ശാസ്ത്രജ്ഞർക്ക് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചു. പുരസ്കാരത്തിന്റെ നേർപകുതി പെൻറോസിനും ബാക്കി മറ്റു 2 പേർക്കുമായാണു നൽകുന്നത്.
തമോഗർത്തങ്ങളുടെ ഉദ്ഭവം, നിലനിൽപ്പ് എന്നിവയെക്കുറിച്ചു ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനു തുടക്കമിട്ടതാണ് ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലെ എമറിറ്റസ് പ്രഫസറായ പെൻറോസിനെ പുരസ്കാരത്തിനർഹനാക്കിയത്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഗെൻസലും യുഎസിലെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകയായ ആൻഡ്രിയ ഗെസും സൗരയൂഥത്തിന്റെ മധ്യഭാഗത്തു നിലനിൽക്കുന്ന അതീവ പിണ്ഡമുള്ള തമോഗർത്തം കണ്ടെത്തിയത് ഗവേഷണത്തിനു കുതിപ്പേകി.
ഭൗതികശാസ്ത്ര നൊബേൽ നേടുന്ന നാലാമത്തെ വനിതയാണ് ആൻഡ്രിയ. സാഹിത്യ നൊബേൽ നാളെയും സമാധാനത്തിന്റേത് 9നും പ്രഖ്യാപിക്കും. സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപനം 12 നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല