1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2022

സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രഫഷനലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ് പ്രഫഷനലുകളുടെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ഓഗസ്റ്റ് 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 25.

നോര്‍ക്കയും ജർമന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, ജർമന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.

നവംബര്‍ 1 മുതല്‍ 11 വരെ തിരുവനന്തപുരത്ത് ജർമന്‍ പ്രതിനിധികള്‍ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് ജർമന്‍ ഭാഷാ പരിശീലനം കേരളത്തില്‍ വച്ച് നല്‍കുന്നതാണ്. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. ശേഷം ജർമനിയിലെ ആരോഗ്യമേഖലയില്‍ അസിസ്റ്റന്റ് നഴ്‌സുമാരായി ജോലി ചെയ്യാനുള്ള അവസരമുണ്ടാകും. തുടര്‍ന്ന് ജര്‍മ്മന്‍ ഭാഷാ ബി2 ലെവല്‍ പാസായി അംഗീകാരം ലഭിക്കുമ്പോള്‍ റജിസ്റ്റേര്‍ഡ് നഴ്‌സായി ജർമനിയില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. ജർമനിയിലെ ബി2 ലെവല്‍ വരെയുള്ള ഭാഷാ പരിശീലനവും തികച്ചും സൗജന്യമാണ്.

റജിസ്റ്റേര്‍ഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യോറോയും പിന്നീട് 2800 യൂറോയും ലഭിക്കും. കൂടാതെ മണിക്കൂറില്‍ 20 മുതല്‍ 35 ശതമാനം വരെ വർധിച്ച നിരക്കില്‍ ഓവര്‍ടൈം അലവന്‍സും ലഭിക്കുന്നതാണ്.

ആദ്യ ബാച്ചില്‍ തിരഞ്ഞെടുക്കപ്പെട്ട 200 നഴ്‌സുമാരുടെ ജർമന്‍ ഭാഷാ പരിശീലനം ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്നു വരികയാണ്. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് നോര്‍ക്ക-റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് ഓഗസ്റ്റ് 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

അപേക്ഷയോടൊപ്പം സിവി, ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, German Language Certificate, റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവ സ്‌കാന്‍ ചെയ്ത് ഒറ്റ പിഡിഎഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.