1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2020

സ്വന്തം ലേഖകൻ: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും അല്ലെന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കിമ്മിന് ശേഷം ഉത്തരകൊറിയ ആര് ഭരിക്കും എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഉത്തരകൊറിയയുടെ ഭരണ സിരാകേന്ദ്രം കുടുംബവേരുകളില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഭരണച്ചുമതല കിമ്മിന്റെ കുടുംബത്തിലൊരാള്‍ക്കായിരിക്കുമെന്നാണ് ഒരു വിഭാഗം രാഷട്രീയ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെയും പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.

കിം ജോങ് ഉന്നിന്റെ സഹോദരിയായ കിം യോ ജോങിന്റെ പേരാണ് ഇതില്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. കിമ്മിന്റെ ഏറ്റവും അടുത്ത വിശ്വസ്തയാണ് കിം യോ ജോങ്. അന്താരാഷ്ട്ര തലത്തില്‍ കിമ്മിന്റെ നീക്കങ്ങളില്‍ ഇവരുടെ കൃത്യമായ ഇടപെടലുണ്ട്. 2018ലെ വിന്റര്‍ ഒളിംപിക്സിലും സഹോദരി കിം യോ ജോങ് ഉത്തരകൊറിയയെ പ്രതിനിധാനം ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം നടത്തിയ രണ്ടു കൂടിക്കാഴ്ചകളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കിമ്മിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായ ഇവര്‍ക്ക് ഉത്തരകൊറിയയുടെ രഹസ്യമായ സൈനിക പ്രവര്‍ത്തനങ്ങളെ പറ്റിവരെ കൃത്യമായ ധാരണയുണ്ട്.

‘വിദേശികളുമായോ ദക്ഷിണ കൊറിയക്കാരുമായോ ഇടപെടുമ്പോള്‍ കിമ്മിന്റെ പ്രതിഛായ നിലനിര്‍ത്താന്‍ സഹായിക്കുന്ന വിശ്വസ്ത രാഷട്രീയ നേതാവാണ് അവര്‍,’ സിഡിനിയിലെ ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് മാനേജ്‌മെന്റിന്റെ ഉത്തരകൊറിയ സ്‌പെലിസ്റ്റായ ലിയോണിഡ് പെട്രോവ് പറയുന്നു.

കിമ്മിനേക്കാളും നാലു വയസിളപ്പമാണ് ഇവര്‍ക്ക്. കിമ്മും ജോങും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരുമിച്ചാണ് രഹസ്യമായി പഠിച്ചത്. ബോഡി ഗാര്‍ഡ്‌സുകള്‍ക്കും അതീവ സുരക്ഷയ്ക്കുമിടയിലുള്ള ഈ രഹസ്യ ജീവിതത്തിനിടെ ഇരു സഹോദരങ്ങളും തമ്മില്‍ വല്ലാത്ത ആത്മ ബന്ധവും ഉടലെടുത്തിട്ടുണ്ട്.

കിമ്മിന്റെ മൂത്ത സഹോദരനായ കിം ജോങ് ചോല്ലിന്റെ പേരാണ് അടുത്തത്. എന്നാല്‍ ഇദ്ദേഹത്തിന് രാഷട്രീയത്തില്‍ യാതൊരു താല്‍പര്യവും ഇല്ല. ഇദ്ദേഹം ഒരു മികച്ച ഗിറ്റാര്‍ പ്ലേയറാണ്. ഇദ്ദേഹത്തിന് ഭരണം നടത്താന്‍ ആവശ്യമായ ‘പൗരുഷം’ ഇല്ലെന്നാണ് പിതാവ് കിം ജോങ് ഇല്‍ ഒരു വേള അഭിപ്രായപ്പെട്ടത്. അതേ സമയം ഉത്തരകൊറിയയിലെ പുരുഷ കേന്ദ്രീകൃതമായ ഒരു ഭരണവ്യവസ്ഥയില്‍ രാജരക്തമായതും പുരുഷനായതും ഭരണത്തിലേക്ക് ഇദ്ദേഹത്തെ നിര്‍ദ്ദേശിക്കാനും ഇടയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

കിമ്മിന്റെ അമ്മാവനായ കിം പ്യോങ് ഇല്‍ രാഷ്ട്രപിതാവ് കിം ഇല്‍ സങിന്റെ ജീവനോടെയുള്ള ഏകമകനാണ്. അര്‍ധസഹോദരനായ കിം ജോങ് ഇല്‍ നോടൊപ്പം തന്നെ ഭരണം വേണമെന്ന് ആഗ്രഹിച്ചയാളാണ് ഇദ്ദേഹം. എന്നാല്‍ അധികാരം കിം ജോങ് ഇല്‍ ന് ലഭിക്കുകയും കിം പ്യോങ് യൂറോപ്പില്‍ അംബാസിഡര്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ ഇദ്ദേഹം ഉത്തരകൊറിയയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 2017 ല്‍ കിം ജോങ് ഉന്നിന്റെ അമ്മാവനും പിതാവ് കിം ജോങ് ഇല്‍ ന്റെ അര്‍ധസഹോദരനുമായ കിം ജോങ് നാമിനെ കിം ജോങ് ഉന്‍ വകവരുകത്താന്‍ നിര്‍ദ്ദേശം നല്‍കി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

കിം കുടുംബത്തിന് പുറത്തു നിന്നുള്ള വ്യക്തിയാണ് ചൊ റൊംഗ് ഹെ. ഉത്തര കൊറിയയുടെ സുപ്രീം പീപ്പിള്‍സ് അംസബ്ലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഇദ്ദേഹം.

കിം ജോങ് ഉന്നിന് ഭാര്യയായ റി സൊല്‍ ജുവില്‍ മൂന്ന് മക്കളുണ്ട് എന്നാല്‍ ഇവര്‍ തീരെ ചെറിയ കുട്ടികളാണ്. 2017 ലാണ് മൂന്നാമത്തെ കുട്ടി ജനിച്ചതെന്നാണ് വിവരം. അതീവ രഹസ്യമായ ഈ വിവരങ്ങള്‍ ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കാണ് ലഭിച്ചത്.

അതിനിടെ 36 വയസ്സുകാരനായ കിമ്മിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ ദക്ഷിണ കൊറിയ പ്രസിഡന്‍റിന്‍റെ സുരക്ഷ ഉപദേഷ്‍ടാവ് തള്ളിക്കളഞ്ഞു.

“കിം ജീവനോടെയുണ്ട്. ഏപ്രില്‍ 13 മുതല്‍ ഉത്തരകൊറിയയുടെ കിഴക്കന്‍ പ്രദേശമായ വൊന്‍സാനില്‍ താമസിക്കുകയാണ് അദ്ദേഹം. സംശയിക്കത്തക്ക ഒരുനീക്കവും ഉണ്ടായിട്ടില്ല,” സുരക്ഷ ഉപദേഷ്‍ടാവ് മൂണ്‍ ചുങ് ഇന്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി.

ഏപ്രില്‍ 11ന് കൊറിയ വര്‍ക്കേഴ്‍സ്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ സമ്മേളനത്തിനാണ് അവസാനമായി ഒരു പൊതുപരിപാടിയില്‍ കിം ജോങ് ഉന്‍ പങ്കെടുത്തത്. ആണവ കരാര്‍ ലംഘനത്തിന്‍റെ പേരില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് രാജ്യം. വിവാദമായ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തര കൊറിയ തയാറല്ല. ആണവ നിരായുധീകരണത്തിന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഉത്തര കൊറിയ ചര്‍ച്ചകള്‍ക്ക് തയാറായിരുന്നെങ്കിലും അത് ഫലം കണ്ടില്ല.

ഇത് ആദ്യമായല്ല കിം ജോങ് ഉന്‍ പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനാകുന്നത്. 2014 അവസാനം കിം ജോങ്ങിനെ പൊതുപരിപാടികളില്‍ കണ്ടിരുന്നില്ല. ഒന്നര മാസങ്ങള്‍ക്ക് ശേഷം ഊന്നുവടിയുമായാണ് കിം പ്രത്യക്ഷപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.