1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2023

സ്വന്തം ലേഖകൻ: ഉത്തരകൊറിയയില്‍ ബൈബിള്‍ കൈവശം സൂക്ഷിച്ചതിന് പിടിയിലായ ക്രിസ്തുമതവിശ്വാസികള്‍ക്ക് വധശിക്ഷയെന്ന് റിപ്പോർട്ട്. കുട്ടികളുള്‍പ്പെടെയുള്ള ഇവരുടെ കുടുബാംഗങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. ഏകദേശം 70,000 ക്രിസ്ത്യാനികള്‍ മറ്റ് മതവിശ്വാസികള്‍ക്കൊപ്പം ഉത്തര കൊറിയയില്‍ തടവില്‍ കഴിയുകയാണെന്ന് 2022 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ (International Religious Freedom Report) വ്യക്തമാക്കിയിരുന്നു.

2009-ല്‍ ബൈബിളുമായി മാതാപിതാക്കളെ പിടികൂടിയതിന്റെ പേരില്‍ അവരുടെ രണ്ട് വയസ് പ്രായമുള്ള കുട്ടിയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാതാപിതാക്കളേയും കുട്ടിയേയും രാഷ്ട്രീയ തടങ്കല്‍ ക്യാമ്പിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം ക്യാമ്പുകളില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികള്‍ ശാരീരികമായും മാനസികമായും അതികഠിനമായ പീഡനങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മതപീഡനങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയ്ക്ക് 90 ശതമാനം ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

മതപരമായ ആചാരങ്ങള്‍ പിന്തുടരുന്ന വ്യക്തികളെയും മതചിഹ്നങ്ങള്‍ കൈവശം സൂക്ഷിക്കുന്നവരേയും മതപുരോഹിതന്‍മാരുമായി ബന്ധപ്പെടുന്നവരേയും മതവിശ്വാസം പ്രചരിപ്പിക്കുന്നവരേയും ഉത്തര കൊറിയന്‍ ഭരണകൂടം വേട്ടയാടുകയാണെന്ന് കൊറിയ ഫ്യൂച്ചര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ആരോപിച്ചു. അറസ്റ്റ്, തടവ്ശിക്ഷ, നിര്‍ബന്ധിതതൊഴില്‍, പീഡനം, വിചാരണ, ജീവിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുക, ലൈംഗികാതിക്രമത്തിനിരയാക്കുക എന്നിവയും മതവിശ്വാസികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നതായും സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പറയുന്നു.

ഉത്തര കൊറിയയില്‍ സ്ത്രീകള്‍ നേരിടുന്ന മതസ്വാതന്ത്ര്യനിഷേധത്തെ കുറിച്ച് 2021 ഡിസംബറില്‍ കൊറിയ ഫ്യൂച്ചര്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പീഡനം നേരിട്ട 151 സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറികളെ കുറിച്ച് ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കിയതായി ഉത്തര കൊറിയയില്‍ നിന്ന് പലായനം ചെയ്ത നിരവധിപേര്‍ വെളിപ്പെടുത്തിയിരുന്നു.

യുഎസും ഉത്തര കൊറിയയും തമ്മില്‍ ഒരുതരത്തിലുള്ള നയതന്ത്രബന്ധവും പുലര്‍ത്തുന്നില്ല. ഉത്തര കൊറിയ പുലര്‍ത്തിവരുന്ന നയങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ പ്രമേയത്തിന് മറ്റുരാജ്യങ്ങള്‍ക്കൊപ്പം യുഎസും കഴിഞ്ഞ ഡിസംബറില്‍ പങ്കുചേര്‍ന്നിരുന്നു. ഉത്തര കൊറിയ പിന്തുടരുന്ന മനുഷ്യവകാശ ലംഘനത്തേയും വ്യക്തിസ്വാതന്ത്ര്യനിഷേധത്തേയും രൂക്ഷമായി അപലപിക്കുന്നതാണ് ഈ പ്രമേയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.