
സ്വന്തം ലേഖകൻ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് ഉത്തര കൊറിയ തകര്‍ത്തു. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.
ഉച്ച സമയം 2.30 നാണ് സംഭവം നടന്നെന്നാണ് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്ത് ഒരു വലിയ സ്‌ഫോടനം നടന്നതായും പുകകള്‍ ഉയരുന്നതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്‍ മങ്ങുന്നതായാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
ഉത്തര കൊറിയക്കതിരെയുള്ള ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നതായി ബന്ധപ്പെട്ട് വന്ന തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ നടപടിയിലേക്ക് നയിച്ചത്. ഉത്തര കൊറിയന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലഘുലേഖകള്‍ ബലൂണുകളിലാക്കിയാണ് രാജ്യത്തേക്ക് അയച്ചത്. ബലൂണുകളിലുള്ള ലഘുലേഖകള്‍ ഉത്തര കൊറിയന്‍ ജനങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ആശയ വിനിമയവും നിര്‍ത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചിരുന്നു .
ദക്ഷിണ കൊറിയക്കെതിരെ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തിയിലെ ജോയിന്റ് ലിയാസണ്‍ ഓഫീസ് തകര്‍ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായി 2018 ല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയായ കെയ്‌സൊങില്‍ സംയുക്തമായി സ്ഥാപിച്ച ഓഫീസാണിത്. ലഘുലേഖ വിവാദത്തെ തുടര്‍ന്ന് നേരത്തെ ഈ ഓഫീസ് അടച്ചു പൂട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല