1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2017

സ്വന്തം ലേഖകന്‍: അയല്‍രാജ്യങ്ങളുടെ ഉറക്കം കളഞ്ഞ് മഞ്ഞക്കടലില്‍ ഉത്തര കൊറിയയുടെ രഹസ്യ ദ്വീപുകള്‍, ആയുധ സംഭരണത്തിനെന്ന് സൂചന. പോങ്യാംഗിന് വടക്കുപടിഞ്ഞാറായി സോഹെയ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന് സമീപമാണ് വര്‍ഷങ്ങളായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ടുകള്‍. ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വിശാലമായ റോഡുകളും നിര്‍മ്മിച്ചതായി സൂചനയുണ്ട്.

ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണെങ്കിലും സോഹെയില്‍ നിന്നും ഈ വര്‍ഷം ആദ്യം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സമീപപ്രദേശത്തുള്ള ദ്വീപുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ഇവിടെ മിസൈലുകളോ വിമാനവേധ യുദ്ധോപകരണങ്ങളോ വിന്യസിക്കാന്‍ ഉത്തരകൊറിയയ്ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ലഭ്യമായ തെളിവുകള്‍ പരിമിതമായതിനാല്‍ വ്യക്തമായ ചിത്രമൊന്നും നല്‍കാനാവില്ലെന്നാണ് അവരുടെ പക്ഷം. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നും അവര്‍ അനുമാനിക്കുന്നു.

ചില ചിത്രങ്ങളില്‍ മിസൈല്‍ വിക്ഷേപണത്തിനുള്ള അറകളുടെ സൂചനയുണ്ടെന്ന് അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇവിടെ സൈനീക, സിവില്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതയാണ് കാണുന്നത്. കിം ജോങ് ഉന്നിനെ പോലെയുള്ള ഉന്നത നേതാക്കള്‍ക്ക് വിക്ഷേപണം കാണുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിഐപി കെട്ടിടങ്ങള്‍ കാണുമ്പോള്‍ അവിടെ സൈനിക നടപടികള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം സൈനിക നടപടികള്‍ എല്ലാം നേരിട്ട് വീക്ഷിക്കുന്നതില്‍ തല്‍പരനാണ് ഉത്തര കൊറിയന്‍ ഏകാധിപതി.

ഇതിനിടെയില്‍, ഉത്തര കൊറിയയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎസ് തയ്യാറെടുക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചു. പോങ്യാംഗുമായുള്ള നിലവിലെ വ്യാപാര ബന്ധങ്ങളില്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ പൂര്‍ണമായും പാലിക്കാത്ത രാജ്യങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അവരുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ചൈനയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. തന്ത്രപരമായ സംയമനത്തിന്റെ സമയം അവസാനിച്ചതായും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും പരസ്പരം പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇതിനിടെ മേഖലയെ കൂടുതല്‍ അശാന്തമാക്കി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും യുഎസും സൈനിക ശക്തി പ്രകടനങ്ങള്‍ പുനരാരംഭിച്ചു. കിമ്മുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ഉത്തര കൊറിയയുമായി നയതന്ത്ര നീക്കങ്ങള്‍ നടത്താന്‍ വാഷിംഗ്ടണ്‍ തയ്യാറാണെന്ന് ടില്ലേഴ്‌സണും സൂചന നല്‍കിയിരുന്നു. ഇതോടെ ട്രംപ്, കിം കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുമോ എന്ന കൗതുകത്തിലാണ് ലോകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.