സ്വന്തം ലേഖകന്‍: കിം, ട്രംപ് ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ; ഉച്ചകോടിയുമായി മുന്നോട്ടുതന്നെയെന്ന് യുഎസ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ ജൂണ്‍ 12ന് നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തുവന്നു. ഏകപക്ഷീയമായി ഉത്തര െകാറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ഭരണകൂടം തുടരുന്നിടത്തോളം ചര്‍ച്ചക്ക് താല്‍പര്യമില്ലെന്നും ഉച്ചകോടി പുനരാലോചിക്കേണ്ടി വരുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെ തുടരുന്ന ശത്രുത നയവും ആണവ ഭീഷണിയും അമേരിക്ക നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതുണ്ട്. ‘ലിബിയന്‍ മാതൃക’യിലുള്ള ആണവനിരായുധീകരണമാണ് ലക്ഷ്യമെന്ന യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ നിലപാടിനെയും ഉത്തര കൊറിയ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് ഉത്തര കൊറിയ വഴങ്ങില്ല. ലിബിയയുടെയും ഇറാഖിന്റെയും മേല്‍ അടിച്ചേല്‍പ്പിച്ച പൈശാചികത ആവര്‍ത്തിക്കാനാണ് ശ്രമമെന്നും ഉത്തര കൊറിയ ആരോപിച്ചു.
ഉത്തരകൊറിയയിലെ കിം ജോങ് ഉന്നുമായി യുഎസ് പ്രസിഡന്റ് ട്രംപിന് ജൂണ്‍ 12നു തന്നെ ചര്‍ച്ച നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഉച്ചകോടിയുടെ തയാറെടുപ്പുകളുമായി മുന്നോട്ടുപോകുകയാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയുമായി ചേര്‍ന്നു യുഎസ് നടത്താന്‍ ഉദ്ദേശിക്കുന്ന സൈനിക പരിശീലനത്തില്‍ പ്രതിഷേധിച്ച് ഉച്ചകോടിയില്‍നിന്നു പിന്‍മാറുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
ഉച്ചകോടി നിശ്ചിത പരിപാടി അനുസരിച്ചു നടക്കുമെന്നാണു പ്രതീക്ഷയെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. ഏതെങ്കിലും കാരണവശാല്‍ നടക്കാതെ പോയാല്‍ ഉത്തരകൊറിയയെ വീണ്ടും ചര്‍ച്ചയിലേക്കു കൊണ്ടുവരാനുള്ള സമ്മര്‍ദങ്ങള്‍ തുടരും. ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികപരിശീലനം നേരത്തേ തീരുമാനിച്ചതാണെന്നും അതും ഉച്ചകോടിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല