1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2022

സ്വന്തം ലേഖകൻ: വ്യക്തമായ സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നിട്ടു കൂടി ഉത്തര കൊറിയ എങ്ങനെയാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത്? എവിടെ നിന്നാണ് അവർക്കിത്രയും പണം ലഭിക്കുന്നത് ? കാലങ്ങളായി ലോകരാജ്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. മറ്റ് രാജ്യങ്ങളൊന്നും സഹായിക്കാത്ത സാഹചര്യത്തിൽ ഏത് അജ്ഞാത ശക്തിയാണ്, ഏത് ഉറവിടമാണ് ഉത്തരകൊറിയയ്‌ക്ക് പണം നൽകുന്നതെന്നുള്ള അന്വേഷണത്തിലായിരുന്നു അമേരിക്കയും റഷ്യയുമടക്കമുള്ള ലോകശക്തികൾ.

ഇവർക്കൊന്നും പിടികൊടുക്കാതെ ഉത്തരകൊറിയ അത് വലിയ രഹസ്യമായി തന്നെ സൂക്ഷിച്ചു. എന്നാൽ ഏറ്റവും ഒടുവിൽ ആ വലിയ സംശയത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഐക്യരാഷ്‌ട്ര സഭ. നേരായ വഴിക്ക് സമ്പാദിക്കുന്നതല്ല ഈ പണമെല്ലാം എന്ന് ആദ്യമേ സംശയമുണ്ടായിരുന്നുവെങ്കിലും മിസൈൽ പരീക്ഷണത്തിന് ഉപയോഗിക്കുന്ന പണം ഉത്തരകൊറിയ കൊള്ളയടിച്ചതെന്നാണ് ഐക്യരാഷ്‌ട്ര സഭ വെളിപ്പെടുത്തിയിരിക്കുന്നത്.

സൈബർ ആർമിയെ ഉപയോഗിച്ച് ക്രിപ്‌റ്റോ കറൻസി നിക്ഷേപകരെ കൊള്ളയടിച്ചാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾക്കുള്ള പണം കണ്ടെത്തുന്നതത്രേ. ഉപരോധ സമിതിയ്‌ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഐക്യരാഷ്‌ട്ര സഭ ഉത്തരകൊറിയയുടെ കള്ളക്കളിയെപറ്റി വെളിപ്പെടുത്തുന്നത്.

ബ്ലോക്ക്‌ചെയിൻ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് കഴിഞ്ഞമാസം പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ട് ഐക്യരാഷ്‌ട്ര സഭ സമർപ്പിച്ച രേഖയിൽ പരാമർശിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപകരെ കൊള്ളയടിച്ച് 400 ദശലക്ഷം ഡോളർ ഈ സംഘം കൈക്കലാക്കിയെന്നാണ് ചൈനാലിസിസ് വെളിപ്പെടുത്തിയിരുന്നത്.

കൊള്ളയ്‌ക്കായുള്ള ഉത്തരകൊറിയയുടെ സൈബർ വാർഫെയർ ഗൈഡൻസ് യൂണിറ്റിൽ ഏകദേശം 6,000 ത്തിലധികം അംഗങ്ങളുണ്ടെന്നാണ് വിവരം. സൈബർ ലാബുകളിലെ ബ്യൂറോ 121 എന്നറിയപ്പെടുന്ന ഈ വിദഗ്ധരെ ഉപയോഗിച്ച് 2020-21 കാലത്ത് മാത്രം അഞ്ച് കോടി ഡോളറിന്റെ ഡിജിറ്റൽ സ്വത്തുക്കളാണ് ഉത്തരകൊറിയ കൊള്ളയടിച്ചത്. നിക്ഷേപ സ്ഥാപനങ്ങളെയും കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളെയും ലക്ഷ്യമിട്ടാണ് സൈബർ സൈന്യത്തിന്റെ ആക്രമണം.

40 കോടി ഡോളർ ആണ് ഒരൊറ്റ വർഷത്തിൽ ഇവർ കൊള്ളയടിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മോഷണ മൂല്യത്തിൽ 40 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ടിൽ വ്യക്തമാകുന്നു.

2010-ലും സമാനമായ വിവരം ഐക്യരാഷ്‌ട്രസഭ വെളിപ്പെടുത്തിയിരുന്നു. മാരകായുധങ്ങൾ നിർമിക്കുന്നതിനായി രണ്ട് ബില്യൻ ഡോളർ ഉത്തകൊറിയൻ ഹാക്കർമാർ തട്ടിയെടുത്തുവെന്നാണ് അന്ന് യു എൻ റിപ്പോർട്ടിൽ പറഞ്ഞത്. കഴിഞ്ഞ മാസം മാത്രം ഉത്തരകൊറിയ ഏഴ് മിസൈൽ പരീക്ഷണങ്ങളാണ് നടത്തിയതെന്നുള്ള കാര്യം ചേർത്ത് വായിക്കുമ്പോഴാണ് ഉത്തരകൊറിയയുടെ കള്ളക്കളിയുടെ ആഴം വ്യക്തമാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.