സ്വന്തം ലേഖകന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ യുഎസിനേയും ചൈനയേയും പുച്ഛിച്ച് ഉത്തര കൊറിയ, കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങളെ തള്ളിപ്പറഞ്ഞ് സുഹൃത്ത് ചൈനയും. ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിനു പിന്നാലെ സൈനിക നടപടിയുണ്ടാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് പുച്ഛിച്ചു തള്ളിയ ഉത്തര കൊറിയ അടുത്ത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനായുള്ള ഒരുക്കങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് കഴിഞ്ഞ ദിവസം ഉത്തര കൊറിയ പരീക്ഷിച്ചതെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളില്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ സ്‌ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി.
അതേസമയം, ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിനായുള്ള പ്രതികരണ നടപടികളുമായി ദക്ഷിണ കൊറിയയും രംഗത്തെത്തി. ഇതിന്റെ ഭാഗമായി ദീര്‍ഘദൂര ഭൂതല മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ദക്ഷിണ കൊറിയ പരീക്ഷിച്ചു. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ മേഖല ഉന്നമിട്ടുള്ള പരീക്ഷണങ്ങള്‍ കൊറിയന്‍ മുനമ്പിലെ സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. അമേരിക്കന്‍ സേനയുമായി ചേര്‍ന്ന് കൂടുതല്‍ കരുത്തുറ്റ പ്രകടനങ്ങള്‍ ഉടനുണ്ടാകുമന്ന സൂചനയും ദക്ഷിണ കൊറിയ നല്‍കി.
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ഉത്തര കൊറിയയെ പരസ്യമായി വിമര്‍ശിച്ച് ഉറ്റ സുഹൃത്തായ ചൈനയും രംഗത്തെത്തി. ആണവ പരീക്ഷണങ്ങളില്‍ നിന്ന് വിട്ടു നിന്നില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുകയും ഉത്തര കൊറിയയിലേയ്ക്കുള്ള ഇന്ധന വിതരണം തടയുകയും ചെയ്യുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി. ലോക രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്തര കൊറിയയുടെ ഒരേയൊരു വ്യാപാര പങ്കാളിയാണ് ചൈന.
അതേസമയം, ഉപരോധങ്ങളും താക്കീതുകളും അവഗണിച്ച് ഉത്തര കൊറിയ നടത്തിയ ആണവപരീക്ഷണത്തെ ഐക്യരാഷ്ട്രസംഘടന അപലപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ യോഗം ചേര്‍ന്ന് അമേരിക്കയും സ്ഥിതിഗതികള്‍ വിലയിരുത്തി. യുഎസിനോ സഖ്യകക്ഷികള്‍ക്കോ ഉത്തര കൊറിയ ഭീഷണിയുയര്‍ത്തിയാല്‍ സൈനിക പ്രതികരണമുണ്ടാകുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല