സ്വന്തം ലേഖകൻ: ദീര്‍ഘനാളായി കാത്തിരുന്ന ഒന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ്. രാഷ്ട്രീയ അസ്ഥിരതയും ബജറ്റ് പ്രശ്നങ്ങളുമെല്ലാം ദീര്‍ഘിപ്പിച്ച വര്‍ദ്ധനയുമായി ബന്ധപ്പെട്ട് അനുകൂലമായ രീതിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഹെല്‍ത്ത് സര്‍വ്വീസിലെ ട്രേഡ് യൂണിയനുകള്‍ ഈ നിര്‍ദ്ദേശത്തില്‍ അംഗങ്ങളുടെ അഭിപ്രായം തേടിക്കൊണ്ടുള്ള വോട്ടെടുപ്പ് നടത്തും.
അവസാനം, ഇംഗ്ലണ്ടിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മേഖലക്ക് സമാനമായ രീതിയില്‍ ശമ്പളം ലഭിക്കുന്ന ഈ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മന്ത്രി റോബിന്‍ സ്വാന്‍ പറഞ്ഞു. 40,000 ഓളം വരുന്ന എന്‍ ഐ പി എസ് എ അംഗങ്ങള്‍ മറ്റ് പൊതുമേഖല തൊഴിലാളികള്‍ക്കൊപ്പം കഴിഞ്ഞമാസം സമരത്തിനിറങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ ഈ തീരുമാനം വരുന്നത്.
അദ്ധ്യാപകര്‍, ബസ്സ് ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടി പങ്കെടുത്ത ഈ സമരം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സമരമായിരുന്നു. 24 മണിക്കൂര്‍ നീണ്ട സമരത്തില്‍ 1,50,000 ല്‍ അധികം ജോലിക്കാര്‍ പങ്കെടുത്തു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും പിക്കറ്റിംഗും നടന്നിരുന്നു.
നീണ്ട രാഷ്ട്രീയ അസ്ഥിരതക്കൊടുവില്‍ അസംബ്ലി പുനസ്ഥാപിക്കപ്പെട്ടപ്പോള്‍ ട്രേഡ് യൂണിയനുകളെ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുന്നതായി ആരോഗ്യ മന്ത്രി റോബിന്‍ സ്വാന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വേതന വര്‍ദ്ധന 5 ശതമാനമാണ്. അതുകൂടാതെ 1505 പൗണ്ടിന്റെ ഒറ്റത്തവണ ബോണസ്സും ലഭിക്കും. 2023 ഏപ്രില്‍ മുതല്‍ മുന്‍കാലാടിസ്ഥാനത്തിലായിരിക്കും വര്‍ദ്ധനവ് നടപ്പിലാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല