1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2021

സ്വന്തം ലേഖകൻ: നോ‍ര്‍വേ നഗരത്തിൽ അക്രമി അഞ്ച് പേരെ അമ്പെയ്തു കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് സർക്കാരിൻ്റെ വിശദീകരണം. കേസിലെ പ്രതിയായ 37കാരൻ പോലീസ് കസ്റ്റഡിയിൽ തുടരുന്ന കാര്യത്തിൽ കോടതി ഉടൻ തീരുമനമെടുക്കും. ഡാനിഷ് പൗരനായ എസ്പെൻ ആൻഡേ്സൺ ബ്രാദെൻ എന്നയാളാണ് കോങ്സ്ബെര്‍ഗ് നഗരത്തിൽ അഞ്ച് പേരെ അമ്പും വില്ലും ഉപയോഗിച്ച് വധിച്ചതെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ചയായിരുന്നു സംഭവ നടന്നത്. 37കാരനായ യുവാവ് ഏറെക്കാലമായി ഈ നഗരത്തിൽ തന്നെ ജീവിച്ചു വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലസ് വ്യക്തമാക്കി. അടുത്തിടെ മുസ്ലീമായി മതം മാറ്റം നടത്തിയ ഇയാളിൽ തീവ്രവാദത്തിൻ്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പൊതുനിരത്തിലും കടകളിലും വീടുകളിലും കഴിഞ്ഞ വ്യക്തികളെ അമ്പെയ്തു വീഴ്ത്തിയ ഇയാളുടെ നടപടി ഭീകരാക്രമണമായി കണക്കു കൂട്ടാൻ കഴിയുമെന്നും പോലീസ് വ്യക്തമാക്കി.

നാലു സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ഇയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 50 വയസിനും 70 വയസിനും ഇടയിലാണ് കൊല്ലപ്പെട്ടവരുടെ പ്രായം. പ്രകോപനമില്ലാതെ ഇയാളള്‍ ആളുകളെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് ഇയാളെ കീഴടക്കുന്നതു വരെ 35 മിനിട്ടോളം ആക്രമണം നീണ്ടെന്നും വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പോലീസുകാരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് അക്രമസംഭവത്തിൽ പരിക്കേറ്റിട്ടുമുണ്ട്.

ബ്രാദെൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മറ്റാര്‍ക്കെങ്കിലും ഈ കൃത്യത്തിൽ പങ്കുണ്ടെന്നു കരുതുന്നില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെ കസ്റ്റഡിയിൽ വേണമെന്ന പോലീസിൻ്റെ ആവശ്യം കോടതിയിൽ എതിര്‍ക്കില്ലെന്ന് ബ്രാദൻ്റെ അഭിഭാഷകൻ പറഞ്ഞു. കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാൻ മാസങ്ങള്‍ ബാക്കി നിൽക്കേയാണ് അഭിഭാഷകൻ്റെ പ്രതികരണം.

പ്രതിയെ വിശദമയ മാനസിക പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അഭിഭാഷകനായ ഫ്രെഡ്രിക് ന്യൂമാൻ വ്യക്തമാക്കി. ഇതിനു ശേഷമായിരിക്കും ഇയാളെ ജയിലിലേയ്ക്ക് മാറ്റണോ മാനസികരോഗചികിത്സാകേന്ദ്രത്തിലേയ്ക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

അതേസമയം, പുതുതായി ചുമതലയേറ്റ നോര്‍വീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോര്‍ ആക്രമണം നടന്ന കോങ്സ്ബെര്‍ഗ് വെള്ളിയാഴ്ച സന്ദര്‍ശിക്കും. നീതിന്യായ വകുപ്പ് മന്ത്രി എമിലി എൻഗെര്‍ മെലിനോടുപ്പെമായിരിക്കും അദ്ദേഹം സ്ഥലത്തെത്തുക. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് നോര്‍വേയിലെ പ്രദാനമന്ത്രിയായി ജോനാസ് ഗാര്‍ സ്റ്റോര്‍ നിയമിതനായത്.

2011ൽ ഒരു യൂത്ത് ക്യാംപ് ലക്ഷ്യമിട്ടു നടത്തിയ ഭീകരാക്രമണത്തിൽ 77 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം നോര്‍വേയിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ബുധനാഴ്ച നടന്നത്. 28000ത്തിലധികം പേര്‍ താമസിക്കുന്ന തെക്കുകിഴക്കൻ നോര്‍വേയിലെ കോങ്സ്ബെര്‍ഗിലാണ് ആക്രമണം നടന്നത്. രാജ്യതലസ്ഥാനമായ ഓസ്ലോയിൽ നിന്ന് 68 കിലോമീറ്ററാണ് ഇവിടേയ്ക്ക് ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.