1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2017

 

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നോര്‍വെ. ഐക്യരാഷ്ട്ര സഭയുടെ 2017 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് നോര്‍വെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്ലാന്‍ഡ് മൂന്നാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലന്‍ഡ് നാലാം സ്ഥാനത്തുമുള്ള പട്ടിക കഴിഞ്ഞ ദിവസം യുഎന്‍ പുറത്തുവിട്ടു.

രാജ്യത്തെ ജനങ്ങളുടെ ആത്മാര്‍ഥത, ഉദാരത, വരുമാനം, ആരോഗ്യം തുടങ്ങിയവയും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന സാമ്പത്തിക നയങ്ങളും സാമൂഹിക ഇടപടലുകളും പരിഗണിച്ചാണ് യുഎന്‍ സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. 2012 ലായിരുന്നു ഇത്തരത്തിലുള്ള ഒരു പഠനം ഐക്യരാഷ്ട്ര സഭ ആദ്യമായി നടത്തിയത്.

155 രാജ്യങ്ങളുള്ള പട്ടികയില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്‌ളിക്കാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യം.പടിഞ്ഞാറന്‍ യൂറോപ്പും വടക്കേ അമേരിക്കയുമാണ് പട്ടികയില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. പട്ടികയില്‍ അമേരിക്ക പതിനാലാമതും ബ്രിട്ടന്‍ പത്തൊമ്പതാമതും ആയപ്പോള്‍ ഇന്ത്യ 122 ആം സ്ഥാനത്താണ്.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ 141 മതുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പുറകിലായുള്ളത്. പാകിസ്താന്‍ 80 ആം സ്ഥാനവുമായി ഏറെ മുന്നിലാണ്. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. പട്ടികയില്‍ 21മത്തെ സ്ഥാനത്താണ് യുഎഇ. ഖത്തര്‍ (35), സൗദി അറേബ്യ (37), കുവൈത്ത് (39), ബഹ്‌റൈന്‍ (41) എന്നിവയാണ് പട്ടികയിലുള്ള മറ്റ് അറബ് രാജ്യങ്ങള്‍.

ആഭ്യന്തര സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും നിറഞ്ഞ സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ് അവസാന സ്ഥാനങ്ങളില്‍ മിക്കതും. പട്ടികയില്‍ സിറിയ 152 മതും യമനും ദക്ഷിണ സുഡാനും യഥാക്രമം 146, 147 സ്ഥാനങ്ങളും സ്വന്തമാക്കി. പട്ടികയിലെ ആദ്യ പത്തില്‍ എല്ലാം വികസിത രാജ്യങ്ങളാണെങ്കിലും പണം മാത്രമല്ല സന്തോഷത്തിന് ആധാരം എന്ന് റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.