1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2023

സ്വന്തം ലേഖകൻ: നോട്ടിംഗ്ഹാമില്‍ നിരവധി നവജാത ശിശുക്കളുടെയും, അമ്മമാരുടെയും മരണത്തില്‍ കലാശിച്ച സംഭവവികാസങ്ങള്‍ എന്‍എച്ച്എസിലെ ഏറ്റവും വലിയ മറ്റേണിറ്റി ദുരന്തമാണെന്ന് റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ 1700-ലേറെ കേസുകളാണ് പരിശോധിക്കുന്നത്.

അന്വേഷണത്തില്‍ കുറഞ്ഞത് 201 കുഞ്ഞുങ്ങളും അമ്മമാരും മെച്ചപ്പെട്ട പരിചരണം ലഭിച്ചിരുന്നെങ്കില്‍ അതിജീവിക്കാമായിരുന്നുവെന്ന് കണ്ടെത്തി. ട്രസ്റ്റ് നടത്തുന്ന ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെയും സിറ്റി ഹോസ്പിറ്റലിലെയും മെറ്റേണിറ്റി യൂണിറ്റുകളില്‍ അന്വേഷണം നടത്തി. ഇതുവരെ 1,266 കുടുംബങ്ങള്‍ അവലോകന സംഘവുമായി നേരിട്ട് ബന്ധപ്പെട്ടു, 674 കുടുംബങ്ങള്‍ ഇതില്‍ ചേരാന്‍ സമ്മതം നല്‍കി.

ലോക്കല്‍ നോട്ടിംഗ്ഹാംഷയര്‍ കുടുംബങ്ങളുടെ പരാതി കേട്ടില്ലെന്ന് നിരവധി തെളിവുകള്‍ ലഭിച്ചതായി അന്വേഷണം നടത്തിയ സ്വതന്ത്ര മിഡ്‌വൈഫ് ഡോണാ ഓക്കെന്‍ഡെന്‍ പറഞ്ഞു. ‘ഇവരെ അവഗണിക്കുകയാണ് ചെയ്തത്. ഈ സംസ്‌കാരത്തിലൂടെ പാഠം ഉള്‍ക്കൊള്ളാനുള്ള സാധ്യതയും ഇല്ലാതായി’, അവര്‍ ചൂണ്ടിക്കാണിച്ചു.

സ്വതന്ത്ര മിഡ്‌വൈഫ് അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ബാധിതരായ കുടുംബാംഗങ്ങളും കേള്‍വിക്കാരായി. രോഗികളെ കൈവിട്ടുവെന്ന് ട്രസ്റ്റ് ചെയര്‍ സമ്മതിക്കുകയും ചെയ്തു. ‘സ്ത്രീകളും, കുടുംബങ്ങളും പറഞ്ഞത് കേള്‍ക്കാന്‍ തയ്യാറാകാതെ ഇവരെ തോല്‍പ്പിച്ചു. ഞങ്ങളുടെ മറ്റേണിറ്റി സര്‍വ്വീസിലെ പരാജയങ്ങള്‍ ഇവരെ തകര്‍ത്തു’, നിക്ക് കാര്‍വെര്‍ പ്രതികരിച്ചു.

പ്രസവിക്കാന്‍ പോയി തിരികെ വരുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരാന്‍ കഴിയാത്ത നിരവധി കുടുംബങ്ങളെ കണ്ടതായി മിഡ്‌വൈഫ് ഡോണ പറഞ്ഞു. വീട്ടിലെത്തിയ മറ്റു കുഞ്ഞുങ്ങള്‍ അധികം വൈകാതെ മരണത്തിന് കീഴടങ്ങി. ഈ ട്രസ്റ്റില്‍ പ്രസവം നടത്തിയതിനെ തുടര്‍ന്ന് അമ്മമാരില്ലാതെ ബര്‍ത്ത്‌ഡേ ആഘോഷിക്കേണ്ടി വന്ന നിരവധി കുഞ്ഞുങ്ങളുമുണ്ട്, അവര്‍ വ്യക്തമാക്കി.

നോട്ടിംഗ്ഹാം ട്രസ്റ്റ് നവംബര്‍ അവസാനത്തിലും ജനുവരി അവസാനത്തിലും 1,377 കുടുംബങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. പ്രസവം, നവജാതശിശു മരണം, കുഞ്ഞിന്റെ മസ്തിഷ്‌ക ക്ഷതം, അമ്മമാര്‍ക്കോ അമ്മമാരുടെ ബന്ധുക്കള്‍ക്കോ ദോഷം സംഭവിച്ച കുടുംബങ്ങള്‍ക്കായിരുന്നു കത്തുകള്‍. എന്നാല്‍ 360 കുടുംബങ്ങള്‍ മാത്രമാണ് ഈ കത്തുകളോട് പ്രതികരിച്ചത്.

മൊത്തത്തില്‍, ബന്ധപ്പെടുന്ന വെളുത്ത സ്ത്രീകളില്‍ 28% പ്രതികരിച്ചു, അതേസമയം കറുത്ത, ഏഷ്യന്‍ സ്ത്രീകളുടെ കണക്കുകള്‍ യഥാക്രമം 10% ഉം 5% ഉം ആയിരുന്നു. നോട്ടിംഗ്ഹാമില്‍, ബാധിക്കപ്പെട്ടതായി അറിയപ്പെടുന്ന 25% കുടുംബങ്ങളെ മാത്രമേ അവലോകനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.