
സ്വന്തം ലേഖകൻ: വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചിരകാല ആവശ്യമായ പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. ഇ–പോസ്റ്റൽ ബാലറ്റിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട് അനുകൂലമായി വിദേശകാര്യ മന്ത്രാലയം കത്ത് നൽകിയെന്നു ദേശീയ മാധ്യമം പ്പോർട്ട് ചെയ്തു. ഏകദേശം 1.17 ലക്ഷം പ്രവാസികളാണ് വോട്ടർ പട്ടികയിലുള്ളത്.
എൻആർഐക്കാർക്ക് (നോൺ റസിഡന്റ് ഇന്ത്യൻ) അവർ താമസിക്കുന്ന രാജ്യത്തുനിന്ന് ഇ–പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി വോട്ട് ചെയ്യാനാണു സൗകര്യം വരിക. ശുപാർശയ്ക്ക് അംഗീകാരം നൽകിയെങ്കിലും സൗകര്യം പ്രാബല്യത്തിലാകും മുൻപ് ബന്ധപ്പെട്ട എല്ലാവരുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടിയാലോചന നടത്തണമെന്നു വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
നവംബർ 27ന് നിയമ സെക്രട്ടറിക്ക് അയച്ച കത്തിൽ, പ്രവാസികൾക്ക് തപാൽ ബാലറ്റിലൂടെ വോട്ടുചെയ്യാനായി 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നു കമ്മിഷൻ നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന അസം, ബംഗാൾ, കേരളം, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ സൗകര്യം ഏർപ്പെടുത്താൻ തയാറാണെന്നും കത്തിൽ പറയുന്നു.
തൊഴിൽ, വിദ്യാഭ്യാസം, യാത്രാ ചെലവ് തുടങ്ങിയ കാരണങ്ങളാൽ വോട്ടെടുപ്പിനു നേരിട്ടെത്താൻ കഴിയില്ലെന്നും തപാൽ ബാലറ്റ് വേണമെന്നും പ്രവാസി സമൂഹത്തിൽനിന്നു വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ടെന്നും കോവിഡിനുശേഷം ഇക്കാര്യം ശക്തമായെന്നും കമ്മിഷൻ കത്തിൽ പറയുന്നു. ഫോം 12 വഴി റിട്ടേണിങ് ഓഫിസറോടു വോട്ടുചെയ്യാനുള്ള ആഗ്രഹം അറിയിച്ചശേഷം ഒരു എൻആർഐക്ക് ഒരു തപാൽ ബാലറ്റ് ഇലക്ട്രോണിക് ആയി നൽകാനാണു കമ്മിഷന്റെ നിർദേശം.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷ ലഭിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതും കൃത്യമായി പൂരിപ്പിച്ചതുമായ തപാൽ ബാലറ്റ്, പ്രവാസിയുടെ ഇന്ത്യയിലെ നിയോജക മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസർക്ക് വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്കു മുൻപായി മടക്കി നൽകണം. സായുധ സേന, പാരാ മിലിട്ടറി സേനയിലെ അംഗങ്ങളും വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സർക്കാർ ജീവനക്കാരും ഉൾപ്പെടുന്ന സർവീസ് വോട്ടർമാർക്ക് ഇടിപിബിഎസ് സൗകര്യം നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല