
സ്വന്തം ലേഖകൻ: ഇസ്രയേലി ചാര സോഫ്റ്റ്‌വയറായ പെഗാസസിന്റെ സാന്നിധ്യം പരിശോധിക്കാന്‍ മൊബൈല്‍ വെരിഫിക്കേഷന്‍ ടൂള്‍കിറ്റുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ആംനെസ്റ്റിയുടെ തന്നെ സെക്യൂരിറ്റി ലാബിലാണ് പെഗാസസ് ഡേറ്റാബെയ്സിൽ നിന്ന് ചോർന്ന് കിട്ടിയ വിവരങ്ങൾ പരിശോധിച്ചത്. ആംനെസ്റ്റി സെക്യൂരിറ്റി ലാബ് തന്നെയാണ് മൊബൈൽ വെരിഫിക്കേഷൻ ടൂള്‍കിറ്റ് (MVT) എന്നറിയപ്പെടുന്ന സംവിധാനം വികസിപ്പിച്ചെടുത്തത്.
ആൻഡ്രോയ്ഡിലും ആപ്പിൾ ഫോണുകളിലും പെഗാസസ് ആക്രമണം നടന്നിട്ടുണ്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ കൂടുതലുള്ള ഐഫോണുകളിലാണ് ഈ ടൂൾകിറ്റ് കൂടുതൽ ഉപയോഗപ്പെടുകയെന്ന് ആംനെസ്റ്റി സെക്യൂരിറ്റി ലാബ് പറയുന്നു. ഒരു വ്യക്തി ഉപയോഗിക്കുന്ന ഫോണിന്റെ പ്രവർത്തന ക്ഷമത മനസിലാക്കി പെഗാസസ് ഫോണിനെ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഏകദേശം മനസ്സിലാക്കിയെടുക്കാന്‍ കഴിയുമെന്നാണ് ആംനെസ്റ്റി വ്യക്തമാക്കുന്നത്. ഫോണ്‍ ഹാങ് ആകുന്നത് (വേഗം കുറയുന്നത്) ആയിരിക്കും പ്രധാന ലക്ഷണം.
ഫോണിന്റെ ബാറ്ററി പെട്ടെന്ന് കുറയുന്നതും, ഇന്റർനെറ്റ് ഡാറ്റ എളുപ്പത്തില്‍ തീർന്നു പോകുന്നതും ലക്ഷണങ്ങളാണ്. ഫോണില്‍ നിന്ന് അനുവാദമില്ലാതെ കോള്‍, എസ്.എം.എസ് എന്നിവ പോകുന്നതും മറ്റ് ലക്ഷണങ്ങളാണ്. എങ്കിലും പെഗാസസ് ആക്രമണം സ്ഥിരീകരിക്കാൻ സാങ്കേതിക പരിശോധന വേണമെന്നാണ് നിര്‍ദേശം.
പെഗാസസില്‍ നിന്ന് ഫോണിനെ രക്ഷിക്കാനുള്ള ചില മുന്‍കരുതല്‍ നിര്‍ദേശങ്ങളും ആംനെസ്റ്റി മുന്നോട്ടുവയ്ക്കുന്നു. ഫോണിലെ സുരക്ഷാ അപ്ഡേറ്റുകൾ മടികൂടാതെ ചെയ്യുക എന്നതാണ് പ്രധാനം. ഉപയോഗത്തിലില്ലാത്ത ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുക, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ സുരക്ഷാ – സ്വകാര്യ സെറ്റിങ്സുകൾ കൃത്യമായി പരിശോധിക്കുക, ശക്തമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് പെഗാസസ് ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ ലോകത്തെ നിരവധിപേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇന്ത്യയിലാകട്ടെ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളെയും വിവാദം ഇളക്കിമറിച്ച് പെഗാസസ് വിവാദം. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു.
വൈഷ്ണവിന്റെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എംപി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ്തു. പെഗാസസ് വിഷയത്തില്‍ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിര്‍ത്തിവെച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അംഗങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സഭയിലെ തര്‍ക്കങ്ങള്‍ കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല