1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2018

സ്വന്തം ലേഖകന്‍: ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍. ട്രംപ് കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട അഞ്ചു കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ആക്‌സിയോസ് എന്ന യുഎസ് വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടത്.

യുഎസ് പ്രസിഡന്റിനോടൊപ്പം ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ എന്നറിയപ്പെടുന്ന കറുത്ത പെട്ടിയുമായി ഒരു സൈനികന്‍ എപ്പോഴും ഉണ്ടാവും. അടിയന്തര സാഹചര്യത്തില്‍ അണ്വായുധം പ്രയോഗിക്കാന്‍ ഉത്തരവിടണമെങ്കില്‍ ഈ പെട്ടിയിലുള്ള രഹസ്യകോഡ് പ്രസിഡന്റ് തന്നെ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണില്‍ അറിയിക്കണമെന്നതാണു നടപടിക്രമം.

2017 നവംബര്‍ ഒന്‍പതിനു ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ സന്ദര്‍ശിക്കുമ്പോള്‍ പെട്ടിയുമായി ട്രംപിനോടൊപ്പം സൈനികനും ചെന്നു. എന്നാല്‍ ചൈനീസ് സുരക്ഷാഭടന്‍ ഇയാളെ തടഞ്ഞുനിര്‍ത്തി. വിവരം അറിഞ്ഞു തൊട്ടുമുന്നിലുണ്ടായിരുന്ന വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയ ജെണ്‍ കെല്ലി പിന്നിലേക്കു വന്നു സൈനികനോടു മുന്നോട്ടുപോകാന്‍ പറഞ്ഞു.

ഇതിനിടെ, കെല്ലിയെയും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈവച്ചുതടഞ്ഞെങ്കിലും മുന്‍ നാവിക ജനറല്‍ കൂടിയായ കെല്ലി കൈ തട്ടിയെറിഞ്ഞു. ഒപ്പമുണ്ടായിരുന്ന യുഎസ് സീക്രട്ട് സര്‍വീസിലെ സുരക്ഷാഭടന്‍ ഞൊടിയിടയില്‍ ചൈനക്കാരനെ മലര്‍ത്തിയടിച്ചു. എല്ലാം നിമിഷങ്ങള്‍ക്കകമായിരുന്നു. തുടര്‍ന്നു ചൈനീസ് സുരക്ഷാമേധാവി യുഎസ് ഉദ്യോഗസ്ഥരോടു മാപ്പു പറയുകയും ചെയ്തതായി വാര്‍ത്തയില്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.