സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികളെ കിട്ടാനില്ല; ഈ വര്‍ഷം രാജ്യത്ത് പാഴാകുക 90,918 എഞ്ചിനീയറിംഗ് സീറ്റുകളെന്ന് റിപ്പോര്‍ട്ട്. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ കിട്ടാതയതോടെ രാജ്യത്തെ എഞ്ചിനിയറിംഗ് പഠനരംഗത്ത് ഈ വര്‍ഷം ഇല്ലാതാകുന്നത് 90,918 സീറ്റുകളാണെന്ന് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 3 ലക്ഷം എഞ്ചിനിയറിംഗ് സീറ്റുകളാണ് ഇല്ലാതായത്.
കോളേജുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണക്കണനുസരിച്ച് ദേശീയ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലാണ് സീറ്റുകള്‍ കുറക്കുന്നത്. 2016 മുതല്‍ പ്രതിവര്‍ഷം ശരാശരി 75000 എഞ്ചിനിയറിംഗ് സീറ്റുകളാണ് ഇല്ലാതായത്. കേരളത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ഇല്ലാതായത് 1828 സീറ്റുകള്‍. പ്രവേശനം കുത്തനെ കുറഞ്ഞതോടെ രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അടച്ചുപൂട്ടിയത് 75 സ്ഥാപനങ്ങള്‍.
ഈവര്‍ഷം ഏകദേശം 200 എഞ്ചിനിയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടാനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. എന്നാല്‍ നിലവില്‍ ഈ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തെ ഇത് ബാധിക്കില്ല. പുതിയ പ്രവേശനം ഉണ്ടാവില്ലെന്ന് മാത്രം. സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ തന്നെ കണക്കനുസരിച്ച് 2017മാര്‍ച്ചില്‍ എഞ്ചിനിയറിംഗ് പാസായ എട്ട് ലക്ഷം വിദ്യാര്‍ത്ഥികളില്‍ 60 ശതമാനത്തിനും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കിട്ടിയിട്ടില്ല.
ഐഐടി,എന്‍ഐടി തുടങ്ങിയ മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് 50% വര്‍ധിപ്പിക്കാനാണ് സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ തീരുമാനം.ഇപ്പോള്‍ 10% കോഴ്‌സുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല