1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2015

റിയാദ്: ആശുപത്രിയില്‍ പരസ്പരം അടികൂടിയ രണ്ട് നേഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായേക്കും. പതിനഞ്ച് ദിവസത്തെ വേതനം പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

അല്‍ അര്‍ദിയാദിലെ തെര്‍ബാന്‍ ജനറല്‍ ആശുപത്രിയില്‍ നേഴ്‌സുമാരായ ഇവര്‍ പരസ്പരം വഴക്കു കൂടുന്നത് കണ്ട് മറ്റ് ജീവനക്കാരും രോഗികളും ആശുപത്രി സന്ദര്‍ശകരും ഭയചകിതരായെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡ്യൂട്ടി സമയത്തുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണം. ഇവരുടെ വഴക്കിനെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രാലയം നിയമിച്ച സമിതിയാണ് ഇരുവരെയും ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇരുവരും തല്ല് കൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതെ മാന്യമല്ലാത്ത പെരുമാറ്റം നടത്തിയതിനാണ് നേഴ്‌സുമാര്‍ക്ക് ശിക്ഷ നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സമിതി ദൃക്‌സാക്ഷികളുടെയും സഹപ്രവര്‍ത്തകരുടെയും മറ്റും മൊഴി എടുത്തിരുന്നെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം നേഴ്‌സുമാരുടെ പേര് വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തു വിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.