1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2023

സ്വന്തം ലേഖകൻ: ജോലി സമ്മർദ്ദവും നല്ല ശമ്പള വർധനവ് ഇല്ലാത്തതും മൂലം ബ്രിട്ടനിലെ എന്‍എച്ച്എസില്‍ നിന്നും ആഴ്ചയില്‍ ശരാശരി 81 നഴ്സുമാർ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ജോലിഭാരം വന്‍തോതില്‍ ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം 4231 നഴ്സുമാരാണ് ജോലി ഉപേക്ഷിച്ചത്. 10 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി അധികമാണിത്.

മോശം തൊഴില്‍ ജീവിത സാഹചര്യമാണ് എന്‍എച്ച്എസില്‍ നിന്നും ഇത്രയേറെ ജീവനക്കാര്‍ പുറത്തുപോകാന്‍ ഇടയാക്കുന്നതെന്നു റോയല്‍ കോളജ് ഓഫ് നഴ്സിങ്‌ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. നിലവിലുള്ള12 മണിക്കൂര്‍ ഷിഫ്റ്റ് 13 മുതൽ 14 മണിക്കൂർ വരെ ഉയരുമെന്നും പാറ്റ് കുള്ളെൻ പറഞ്ഞു.

അധിക ജോലിക്കു പണം കിട്ടാത്ത സാഹചര്യമാണു നിലവിൽ. പകരം ആളില്ലാത്തതിന്റെ പേരിലാണ് അധിക ജോലി നൽകുന്നത്. ഇത് നഴ്സുമാരുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും പാറ്റ് കുള്ളെൻ കൂട്ടിച്ചേർത്തു. 2022 ല്‍ ആകെ 10560 നഴ്സുമാര്‍ ജോലിയിൽ നിന്നു വിരമിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

ഇതിൽ 4231 പേര്‍ ജോലി സമ്മർദ്ദം, മികച്ച ശമ്പള വർധന ഇല്ലായ്മ എന്നിവ മൂലം മറ്റു ജോലികൾ തേടി പോവുകയായിരുന്നു. 6329 നഴ്സുമാര്‍ ജോലിയിൽ നിന്നും വിരമിച്ചു. 2022 ഡിസംബറിൽ 43,619 നഴ്സുമാരുടെ ഒഴിവുകൾ ഉണ്ടെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വീണ്ടും സമരങ്ങള്‍ നടത്തുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ നഴ്സുമാര്‍ വോട്ട് ചെയ്യാന്‍ ഇരിക്കവെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. വോട്ടെടുപ്പ് മെയ് 23 ന് ആരംഭിച്ച് ജൂൺ 23 ന് അവസാനിക്കും. 5 % ശമ്പള വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്നും 19 % ൽ ആരംഭിക്കുന്ന പുതിയ വർധന നടപ്പിലാക്കണമെന്നും ആർസിഎൻ ജനറൽ സെക്രട്ടറി ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.