
സ്വന്തം ലേഖകൻ: ജോലി തട്ടിപ്പിനിരയായി യുഎഇയിൽ തങ്ങുന്ന നഴ്സുമാർ സ്വന്തം നിലയിൽ ജോലി നേടാനുള്ള ശ്രമത്തിലെന്ന് റിപ്പോർട്ട്. ചിലർ ജോലി തേടി മറ്റ് എമിറേറ്റുകളിലേക്ക് താമസം മാറിയിട്ടുമുണ്ട്. ബർദുബായ്, അൽ നാദ, അൽ റിഗ്ഗ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് തട്ടിപ്പിന് ഇരയായവർ താമസിക്കുന്നത്.
മികച്ച ശമ്പളം വാഗ്ദാനം ചെയ്തു 4 ഏജൻസികളാണ് നൂറു കണക്കിന് നഴ്സുമാരെ കേരളത്തിൽ നിന്ന് എത്തിച്ച് കബളിപ്പിച്ചത്. . പ്രതിമാസം ഒന്നരലക്ഷം രൂപയിലധികം വാഗ്ദാനം ചെയ്താണ് പലരെയും കൊണ്ടുവന്നത്. മിക്കവരുടെയും പക്കൽ നിന്ന് രണ്ടരലക്ഷം മുതൽ നാലു ലക്ഷം വരെ വാങ്ങിയെന്നാണ് പരാതി.
ചില ഏജൻസികൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ചിലരാകട്ടെ തീരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവരെ പാർപ്പിച്ചിട്ടുള്ളതെന്നും ഫോണിൽ ബന്ധപ്പെടാൻ പോലും വിസമ്മതിക്കുന്നുവെന്നും പരാതിയുണ്ട് വാക്സിനേഷൻ നൽകുന്നത് വ്യാപകമായിരുന്നപ്പോൾ നഴ്സുമാരുടെ വർധിച്ച ആവശ്യം യുഎഇയിലുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് റിക്രൂട്ടിങ് ഏജൻസികൾ വൻതുക വാങ്ങി ഒട്ടേറെപ്പേരെ കൊണ്ടു വന്നത്.
ആദ്യം വന്നവർക്ക് ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ വാക്സിനേഷൻ ജോലികൾ കുറഞ്ഞതോടെ തൊഴിലവസരം കുറഞ്ഞെങ്കിലും അക്കാര്യം മറച്ചു വച്ച് കൂടുതൽ പേരെ കൊണ്ടുവരികയായിരുന്നു. ടേക്ക് ഓഫ്, കീനോട്ട്, ഗ്ലോബൽ തുടങ്ങിയ ഏജൻസികളാണ് നഴ്സുമാരെ കൊണ്ടു വന്നതെന്ന് ജോലി ലഭിക്കാതെ വലയുന്നവർ പറഞ്ഞു.
അതേസമയം, ആരും പരാതി നൽകിയിട്ടില്ലെന്നും എല്ലാവർക്കും ഇവിടെ ജോലിയിൽ പ്രവേശിക്കാനാണ് താൽപര്യമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ സിദ്ധാർഥ് പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. നഴ്സ് വീസയെന്ന വ്യാജേന വിസിറ്റ് വീസ നൽകി വഞ്ചിച്ച കേസിൽ കലൂർ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജൻസി ഉടമ ഫിറോസ് ഖാനെതിരെ കൊച്ചിയിൽ പൊലീസ് കേസെടുത്തു.
അതിനിടെ തട്ടിപ്പിനിരയായവർക്ക് ജോലി നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. അവർക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തിപരിചയം, ഇന്റർവ്യൂവിലെ പ്രകടനം എന്നിവയനുസരിച്ച് ജോലി നൽകും. 300 നഴ്സുമാരെ അടിയന്തരമായി ആവശ്യമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല