1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2015

സ്വന്തം ലേഖകന്‍: മേയ് 31നു മുമ്പ് വിദേശത്തേക്കു റിക്രൂട്‌മെന്റ് കഴിഞ്ഞ നഴ്‌സുമാര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രാനുമതി നല്‍കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇതോടെ മെയ് 31 ന് മുമ്പ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങുമെന്ന അവസ്ഥയാണ്. എമിഗ്രേഷന്‍ ഇളവ് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

ഈ സാഹചര്യത്തിലാണ് സുഷമാ സ്വരാജിന്റെ പ്രസ്താവന. നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമേ 18 ഇസിആര്‍ രാജ്യങ്ങളിലേക്കു റിക്രൂട്ട് ചെയ്യാന്‍ പാടുള്ളുവെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. ഇനിയുള്ള റിക്രൂട്‌മെന്റിനു വ്യവസ്ഥ കര്‍ശനമായി നടപ്പാക്കുമെന്നു സുഷമ സ്വരാജ് വ്യക്തമാക്കി.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നത് ബിജെപിയുടെ പ്രാദേശിക വിവേചനത്തിന്റെ ഉത്തമ ഉദാഹരണമാണെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ കുറ്റപ്പെടുത്തി. ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ വിദേശത്തേക്ക് പോകുന്നതു കേരളത്തില്‍നിന്നാണ്.

ഗുജറാത്തില്‍നിന്നോ രാജസ്ഥാനില്‍നിന്നോ കൂടുതല്‍ നഴ്‌സുമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുമായിരുന്നെങ്കില്‍ ബിജെപി സര്‍ക്കാര്‍ ഇങ്ങനെ തീരുമാനം എടുക്കുമായിരുന്നില്ല. മലയാളി നഴ്‌സുമാരുടെ പ്രായോഗിക വിഷമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ദേവരാജന്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.