1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ നാളെ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. ഇളവ് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

നഴ്‌സിംഗ് മേഖല കൂടാതെ വീട്ടുജോലിക്കായി വിദേശത്തു പോകുന്നവരുടെ റിക്രൂട്ട്‌മെന്റ് കൂടി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന നഴ്‌സുമാര്‍ക്ക് ഏപ്രില്‍ മുപ്പത് മുതല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി മാര്‍ച്ച് 24 നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്.

നഴ്‌സുമാര്‍ വ്യാപകമായി വിസാ തട്ടിപ്പിനും തൊഴില്‍ ചൂഷണത്തിനും ഇരയാകുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ പ്രതിഷേധമറിയിച്ചതിനെ തുടര്‍ന്ന് ഈ കാലാവധി മെയ് മുപ്പത് വരെ നീട്ടി. ഇത് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്ന് പ്രവാസികാര്യ മന്ത്രിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടെങ്കിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അംഗീകരിച്ചില്ല.

ഇളവ് കാലാവധി അവസാനിച്ചതോടെ സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഞായറാഴ്ച മുതല്‍ നോര്‍ക്ക, ഒഡേപെക്, മാന്‍പവര്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയേ വിദേശ രാജ്യങ്ങളിലേക്ക് പോകാനാകൂ. സൗദിയും കുവൈത്തുമുള്‍പ്പടെയുള്ള പതിനെട്ട് വിദേശരാജ്യങ്ങളുമായി ഈ ഏജന്‍സികള്‍ ഇതുവരെ ധാരണയിലെത്തിയിട്ടുമില്ല.

ഫലത്തില്‍ ഞായര്‍ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. ഇളവ് നല്‍കിയത് നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും ഒറ്റപ്പെട്ട കേസ് ചൂണ്ടിക്കാണിച്ചാല്‍ ഇളവ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.