1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2019

സ്വന്തം ലേഖകൻ: വാഷിംഗ്‍ടൺ ഡിസിയിലേക്ക്, തന്‍റെ പരിസ്ഥിതി അവബോധ പ്രചാരണ യാത്രയുമായി എത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബെർഗിന് ഒരു വലിയ അതിഥിയുണ്ടായിരുന്നു. മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ. യുഎന്നിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നതിന് മുമ്പാണ് ഗ്രെറ്റ വാഷിംഗ്‍ടൺ ഡിസിയിലെത്തിയത്.

”പതിനാറ് വയസ്സേയുള്ളൂ ഗ്രെറ്റയ്ക്ക്. എന്നിട്ടും, നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ വക്താക്കളിലൊരാളാണ് ഗ്രെറ്റ”, കൂടിക്കാഴ്ചയ്ക്ക് ശേഷം ഒബാമ ട്വീറ്റ് ചെയ്തു. ”കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആ പൊള്ളലേൽക്കാൻ പോകുന്ന തലമുറയാണ് അവളുടേത്. അതുകൊണ്ടുതന്നെ അതിനെതിരെ നിലകൊള്ളാൻ അവൾ മുൻനിരയിലുണ്ട്, നിർഭയം”, എന്ന് ഒബാമ.

ഐക്യരാഷ്ട്രസഭയിൽ ലോകനേതാക്കളെ ചോദ്യമുനയിൽ നിർത്തിയ, നിർഭയം ചോദ്യങ്ങൾ നിരന്തരം ചോദിച്ച ആ പെൺകുട്ടി ഇന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്ന അടയാളമാണ്. യുഎൻ കാലാവസ്ഥാ ഉച്ചകോടിയ്ക്ക്, കാർബൺ എമിഷനില്ലാത്ത ഒരു ബോട്ടിലേറിയാണ് സ്വീഡനിൽ നിന്ന് ഗ്രെറ്റ അമേരിക്കയിലെത്തിയത്.

ഒബാമയും ഗ്രെറ്റയും തമ്മിൽ കണ്ടതിന്‍റെ വീഡിയോ ഒബാമ ഫൗണ്ടേഷൻ പുറത്തുവിട്ടിരുന്നു. ന്യൂയോർക്കിലും വാഷിംഗ്‍ടണിലും ഗ്രെറ്റ പങ്കെടുത്ത സമരങ്ങളെക്കുറിച്ച് ഒബാമ ചോദിക്കുമ്പോൾ, ‘ഇവിടത്തെ യുവതലമുറ പരിസ്ഥിതിയെക്കുറിച്ച് അറിയാനിഷ്ടമുള്ളവരാണ്. അത് വലിയ കാര്യമല്ലേ’ എന്ന് ഗ്രെറ്റ പറയുന്നു.

”അപ്പഴേ, ഞാനും താനും ഒരു ടീമാണ് ട്ടോ”, എന്ന് സ്നേഹത്തോടെ പറയുന്നു ഒബാമ. നന്ദി, എന്ന് ഗ്രെറ്റയും. എന്നിട്ടായിരുന്നു കൗതുകം. ”ഫിസ്റ്റ് ബംപ് ചെയ്യാനറിയാമോ”, എന്ന് ഒബാമ. മുഷ്ടി ചുരുട്ടി തമാശയ്ക്ക് ഇടിച്ച് വിരലുകൾ ചലിപ്പിക്കുന്ന ആ രീതി, ‘ഫിസ്റ്റ് ബംപിങ്’ പൊതുവേ അടുത്ത സുഹൃത്തുക്കൾ തമ്മിലാണ് കൈമാറുക പതിവ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.