1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2015

സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ നേതാക്കള്‍ ഭരണഘടന മാനിക്കണമെന്ന് ഒബാമ, ജനാധിപത്യത്തിന് ആഹ്വാനം. കാലാവധി പൂര്‍ത്തിയാക്കുന്ന നേതാക്കള്‍ സ്ഥാനമൊഴിയാന്‍ തയ്യാറാവാതെ ആഫ്രിക്കയ്ക്ക് പുരോഗതിയുടെ പാതയിലെത്താനാവില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ പുഴുക്കുത്തായിമാറിയ അഴിമതി കര്‍ശനനടപടികളിലൂടെ തടയണമെന്നും 54 ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ യൂണിയന്റെ ആസ്ഥാനമായ എത്യോപ്യയിലെ അഡിസ് അബാബയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തെ അഭിസംബോധനചെയ്യുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. കെനിയയിലും എത്യോപ്യയിലുമായി നടത്തിയ അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന്റെ സമാപനത്തോടെയായിരുന്നു അഡിസ് അബാബയിലെ പരിപാടി.

ആഫ്രിക്കയിലെ നേതാക്കള്‍ അവരുടെ ഭരണഘടനയെ ബഹുമാനിക്കണം. കാലാവധികഴിയുമ്പോള്‍ മാറിനില്‍ക്കാന്‍ തയ്യാറാവണം. പ്രസിഡന്റ് പിയറി എന്‍കുര്‍സിസ മൂന്നാംതവണയും പ്രസിഡന്റാവാന്‍ ശ്രമം തുടങ്ങിയതോടെയാണ് ബുറുണ്ടിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഭരണഘടന പിന്തുടരാത്തത് രാജ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഇത് തെളിവാണ് ഒബാമ പറഞ്ഞു.

ആര്‍ക്കും ജീവിതകാലം മുഴുവന്‍ പ്രസിഡന്റായിരിക്കാനാവില്ല. അധികാരത്തില്‍ ഇങ്ങനെ മുറുകെപിടിച്ചിരിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. എതിരാളികളെയും വിമര്‍ശകരെയും തുറുങ്കിലടച്ചല്ല ജനാധിപത്യം സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.