1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2021

സ്വന്തം ലേഖകൻ: വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുത്ത് ഒസിഐ പുതുക്കാനായി കാത്തിരിക്കുന്നവർക്കും ആശ്വാസ വാർത്തയുമായി കേന്ദ്രം. ഒസിഐ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പുതിയ പാസ്പോർട്ടിനും ഒസിഐ കാർഡിനുമൊപ്പം പഴയ പാസ്പോർട്ടുകൂടി കരുതണമെന്ന നിബന്ധനയും റദ്ദാക്കി.

വിവിധ എംബസികൾ ഇതുസംബന്ധിച്ച് സർക്കുലറും പുറപ്പെടുവിച്ചു. കോവിഡ് പ്രതിസന്ധിമൂലം ഒസിഐ പുതുക്കാനാവാതെ വിവിധ രാജ്യങ്ങളിൽ ആശങ്കയിൽ കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ ജൂൺ മാസം 30 വരെയായിരുന്നു ഒസിഐ കാർഡുകൾ പുതുക്കാൻ ഉളവ് അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്.

20 വയസിൽ താഴെ പ്രായമുള്ളവരും അമ്പതു വയസ് പൂർത്തിയാകുന്നവരും ഓരോ തവണയും വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണമെന്നാണ്, 2005ലെ സിറ്റിസൺഷിപ്പ് ഭേദഗതി നിയമത്തിലുള്ള വ്യവസ്ഥ. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രവർത്തനം ഏറെക്കുറെ പൂർണമായിത്തന്നെ നിലച്ചതോടെ സർക്കാർ ഇക്കാര്യത്തിൽ ആദ്യം മൂന്നു മാസത്തേക്കും പിന്നീട് ആറു മാസത്തേക്കും ഒടുവിൽ ജൂൺ 30 വരെയും ഇളവ് അനുവദിച്ചിരുന്നു.

ഇതോടൊപ്പം ഇരുപതിനും അമ്പതിനും മധ്യേ പ്രായമുള്ളവർ നാട്ടിലേക്ക് യാത്രചെയ്യുമ്പോൾ പുതുക്കിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്പോർട്ടുകൂടി കൈയിൽ കരുതണമെന്ന നിബന്ധനയും റദ്ദാക്കി. ഇനിമുതൽ യാത്രക്ക് പുതിയ പാസ്പോർട്ടും ഒസിഐ കാർഡും മാത്രം കൈയിൽ കരുതിയാൽ മതിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.