1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം. ഇതോടെ ഈ വിഭാഗക്കാർക്ക് ഇന്ത്യയിൽ പല ഭാഗങ്ങളിലും യാത്രാ നിയന്ത്രണങ്ങളും ഗവേഷണങ്ങൾക്കും മിഷൻ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതിയും വേണ്ടിവരും.

ഇന്ത്യയിലെ വിദേശ ഡിപ്ലോമാറ്റിക് മിഷനുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിലും കശ്മീർ, മണിപ്പൂർ, നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലും ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങിലെ ചില ഭാഗങ്ങളിലും സന്ദർശനം നടത്തുന്നതിന് നിർദിഷ്ട അധികാരികളിൽനിന്നും പ്രത്യേകം അനുമതി തേടണം.

ഇന്ത്യയിലേക്കുള്ള മൾട്ടിപ്പിൾ എൻട്രിയും കാലാവധിയില്ലാതെ താമസിക്കാനുള്ള അവകാശവും തുടരും. എങ്കിലും ഇന്ത്യയിലെ ജോലിയോ സ്ഥിരമായ താമസസ്ഥലമോ മാറിയാൽ ഫോറിനേഴ്സ് റീജണൽ റജിസ്ട്രേഷൻ ഓഫിസിനെ ഇ-മെയിൽ വഴി ഇക്കാര്യം അറിയിക്കണം. നാഷനൽ പാർക്കുകൾ, വൈൽഡ് ലൈഫ് സാംച്വറികൾ, ദേശീയ സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യക്കാർക്കുള്ള ഫീസ് ഒസിഐക്കാർക്ക് തുടർന്നും ലഭിക്കും.

നീറ്റ് പരീക്ഷ, ജോയിന്റ് എൻട്രൻസ് പരീക്ഷ, തുടങ്ങിയ യോഗ്യതാ ടെസ്റ്റുകൾ എഴുതാൻ ഇന്ത്യൻ പൗരന്മാർക്കു തുല്യമായ അവകാശം ലഭിക്കുമെങ്കിലും ഇതിന്റെ അടിസ്ഥാനത്തിലുള്ള അഡ്മിഷനും ജോലിക്കും എൻആർഐക്കാർക്കുള്ള അവകാശം മാത്രമേ ഒസിഐക്കാർക്ക് ഉണ്ടാകൂ. ജനറൽ ക്വാട്ടയിലുള്ള ഒരു അഡ്മിഷനും ഒസിഐക്കാർക്ക് ലഭിക്കില്ല. ഇന്ത്യൻ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും എൻആർഐക്കാർക്ക് ഉള്ളതിന് സമാനമാകും.

കൃഷിഭൂമിയും ഫാം ഹൗസും പ്ലാന്റേഷനും ഒഴികെയുള്ള പ്രോപ്പർട്ടികളേ ഒസിഐക്കാർക്ക് വാങ്ങാനോ വിൽക്കാനോ ആകൂ എന്ന നിലവിലെ നിയന്ത്രണം തുടരും. ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്സ്, ഫാർമസിസ്റ്റ്, അഡ്വക്കേറ്റ്, ആർക്കിടെക്ട്, ചാർട്ടേർഡ് അക്കൗണ്ടന്റ് തുടങ്ങി ഇക്കണോമിക്- ഫിനാൻസ്- എജ്യുക്കേഷൻ- ഹെൽത്ത് മേഖലകളിലെ വിവിധ ജോലികൾ തുടരാം.

എന്നാൽ ബാങ്കിംങ് മേഖലയിലെ ജോലികൾക്ക് വിദേശികൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള സ്പെഷൽ നോട്ടിഫിക്കേഷൻ നിയന്ത്രണങ്ങൾ ഒസിഐക്കാർക്കും ബാധകമാകും. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ഒസിഐക്കാർക്ക് തൊഴിൽ നേടാനാകില്ല. വോട്ടവകാശം ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുമാകില്ല.

ഈ മാസം നാലാം തിയതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കിയത്. 1955ലെ സിറ്റിസൺഷിപ്പ് ആക്ട് സെക്ഷൻ 7-ബി അടിസ്ഥാനമാക്കയാണ് പുതിയ വിജ്ഞാപനം. 2005, 2007, 2009 വർഷങ്ങളിൽ ഒസിഐ സംബന്ധിച്ച് വിവിധ വിജ്ഞാപനങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇവയെ എല്ലാം മറികടക്കുന്നതാണ് ഒസിഐക്കാരെ വ്യക്തമായിതന്നെ വിദേശ പൗരന്മാർ എന്നു നിർവചിച്ചുകൊണ്ടുളള പുതിയ വിജ്ഞാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.