1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2021

സ്വന്തം ലേഖകൻ: ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി. ഒസിഐ കാർഡ് പുതുക്കുന്നതിനു നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏപ്രിലിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന് അനുയോജ്യമായി, പുതിയ സൈറ്റിലൂടെ ഒസിഐ സേവനങ്ങൾ ഇനി മുതൽ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഹോൾഡർമാരായ 3,772,000 ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഘടനയും രൂപമാറ്റങ്ങളും.

20 വയസിൽ താഴെയുള്ളവർ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും 50 വയസ് പൂർത്തിയാകുന്നവർ ഒരു തവണ ഒസിഐ കാർഡും പുതുക്കണമെന്ന നിബന്ധന ഏപ്രിൽ 15നാണ് വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ഇതിനു പകരം ഇവർ പുതിയ പാസ്പോർട്ടിന്റെ പകർപ്പും ലേറ്റസ്റ്റ് ഫോട്ടോയും ഒസിഐ പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ മതിയെന്നായിരുന്നു തീരുമാനം.

ഇതു നടപ്പാക്കുന്നതിനായാണു പ്രധാനമായും വെബ്സൈറ്റ് പരിഷ്കരിച്ചത്. പാസ്പോർട്ട് പുതുക്കി മൂന്നു മാസത്തിനുള്ളിലാണ് സൈറ്റിലെ നിർദിഷ്ട ലിങ്കിലൂടെ വിവരങ്ങളും ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടത്. അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ വെബ് ഡോക്യുമെന്റായി റജിസ്റ്റർ ചെയ്താലുടൻ ഇതു ശരിവച്ചു കൊണ്ടുള്ള ഇ-മെയിൽ സന്ദേശം തിരികെ ലഭിക്കും. പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ശരിവച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കാൻ വൈകിയാലും ആ ദിവസങ്ങളിൽ ഇന്ത്യയിലേക്കോ തിരിച്ചോ ഉള്ള യാത്രയ്ക്ക് തടസമുണ്ടാകില്ല.

കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 ഡിസംബർ 31 വരെ ഒ.സി.ഐ. കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി നൽകിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് 20 വയസിൽ താഴെയുള്ളവർ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും ഒസിഐ പുതുക്കണമായിരുന്നു. ഇത് ഇനി ആവശ്യമില്ല.

എന്നാൽ മുഖത്തുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങൾ കണക്കിലെടുത്ത് 20 വയസ് പൂർത്തിയായാൽ ഒരു തവണ ഒസിഐ പുതുക്കണം. 20 വയസിനു മുകളിലുള്ള ഒസിഐ ഹോൾഡർമാർ 50 വയസാകുമ്പോൾ മുഖത്തെ രൂപമാറ്റങ്ങൾ രേഖപ്പെടുത്താനായി ഒരുതവണ ഒസിഐ പതുക്കണമായിരുന്നു. ഇതും ഇനി ആവശ്യമില്ല.

പകരം പുതിയ പാസ്പോർട്ടും ലേറ്റസ്റ്റ് ഫോട്ടോയും പുതിയ ഒ.സി.ഐ. പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. 51 എംഎം. വീതിയും 51 എംഎം. ഉയരവുമുള്ള മുഖത്തിന്റെ 80 ശതമാനവും വ്യക്തമായി കാണാവുന്ന ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. പുതുതായി ഒസിഐ കാർഡ് എടുക്കാനും നിലവിലെ കാർഡുകൾ പുതുക്കാനും പരിഷ്കരിക്കാനുമെല്ലാം പുതിയ സൈറ്റിലൂടെ അപേക്ഷിക്കാം.
ഓരോന്നിനും വ്യത്യസ്തമായ ലിങ്കുകളും നടപടി ക്രമങ്ങളുമാണ്. പല സർവീസുകൾക്കും പഴയതുപോലെതന്നെ അതതു ഹൈക്കമ്മിഷനുകളിലോ ഇന്ത്യൻ മിൽനുകൾക്കായി പുറംജോലിക്കരാർ ചെയ്യുന്ന വിഎഫ്എസിലോ നേരിട്ടു പോകേണ്ടി വരും. ബ്രിട്ടനിലെ ഇന്ത്യക്കാർ www.hcilondon.gov.in/appiontment എന്ന ലിങ്കിൽ മുൻകൂർ സമയം ബുക്ക് ചെയ്യണം.

പുതുക്കിയ ഒസിഐ വെബ്സൈറ്റ് വിലാസം: https://ociservices.gov.in

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.