1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2023

സ്വന്തം ലേഖകൻ: ഒഡീഷയിൽ 250 ലധികം പേരുടെ ജീവനെടുത്ത ട്രെയിൻ ദുരന്തത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. പ്രഥമദൃഷ്ട്യാ സിഗ്നലിങ്ങിലെ പിശകിനുള്ള സാധ്യതയാണ് റെയിൽവേ അന്വേഷിക്കുന്നതെന്ന് വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഒഡീഷയിലെ ബാലസോറിൽവച്ച് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റിയതിനുപിന്നാലെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 900-ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഒരു ചരക്ക് ട്രെയിനും കൂട്ടിയിടിയിൽ അകപ്പെട്ടു.

നിശ്ചിത ലൈനിലൂടെ കടന്നുപോകാൻ കൊറോമാണ്ടൽ എക്സ്പ്രസിന് ഗ്രീൻ സിഗ്നൽ നൽകി, തുടർന്ന് സിഗ്നൽ പിൻവലിച്ചതായി ഒരു മൾട്ടി-ഡിസിപ്ലിനറി ജോയിന്റ്-ഇൻസ്പെക്ഷൻ കുറിപ്പിൽ സൂപ്പർവൈസർമാർ പറഞ്ഞു. എന്നാൽ ട്രെയിൻ ലൂപ്പ് ലൈനിൽ പ്രവേശിച്ച് സ്റ്റേഷണറി ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ച് പാളം തെറ്റി. അതേസമയം, ഡൗൺ ലൈനിൽ യശ്വന്ത്പൂരിൽ നിന്നുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ എത്തി, അതിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി.

12841 നുള്ള സിഗ്നൽ മെയിൻ ലൈനിൽ നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഈ ട്രെയിൻ ലൂപ്പ് ലൈനിൽ പ്രവേശിച്ച് അതുവഴി വരികയായിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ച് പാളം തെറ്റിയതായി കുറിപ്പിൽ പറയുന്നു. റെയിൽവേ സുരക്ഷ കമ്മീഷണർ വിശദാംശങ്ങൾ അന്വേഷിക്കുന്നുണ്ട്.

സിഗ്നൽ നൽകിയതിലെ പിശകാണോ അതോ ലോക്കോ പൈലറ്റിന്റെ അശ്രദ്ധയാണോ അപകടത്തിന് ഇടയാക്കിയതെന്ന് റെയിൽവേയിലെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതായി ഒരു പ്രധാന ഉറവിടം പറഞ്ഞു. അതേസമയം, പാളം തെറ്റിയതിനു പിന്നിലെ കാരണത്തെക്കുറിച്ച് റെയിൽവേ ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല.

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 261പേർക്കാണ് ജീവൻ നഷ്ടമായത്. 900 ത്തോളം പേർക്ക് പരുക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ഒഡീഷയിലെ ബലേശ്വറിൽവച്ച് ഇന്നലെ രാത്രിയാണ് ഷാലിമാർ-ചെന്നൈ കൊറോമണ്ടൽ എക്സ്പ്രസും യശ്വന്തറിൽനിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്.

മരിച്ചവരില്‍ പലരേയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടേത് ഉണ്ടെന്ന് റിപ്പോര്‍ട്ടില്ലെന്ന് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമാര്‍ ജയന്ത് പറഞ്ഞു. അഞ്ജാത മൃതദേഹങ്ങളുടെ ഒരു വന്‍നിര തന്നെ ഒഡീഷയില്‍ ആശുപത്രികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഡ‍ീഷയിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. ദുരന്തസ്ഥലം കൂടാതെ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അപകടസ്ഥലം സന്ദർശിക്കുമെന്നു പ്രഖ്യാപിച്ചത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവർക്കു സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നു പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 238 പേരാണു ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചത്. 650 ലേറെ പേർക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.