1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2023

സ്വന്തം ലേഖകൻ: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരുടേയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. നൂറു കണക്കിന് മൃതദേഹങ്ങള്‍ വിവിധ മോര്‍ച്ചറികളില്‍ ഇപ്പോഴും അവകാശികളെ കാത്ത് കിടക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താൻ ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍.

മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ (srcodisha.nic.in) പങ്കുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒഡിഷ സര്‍ക്കാര്‍ ഒരുക്കിയ പോര്‍ട്ടലിലൂടെ ബന്ധുക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ പട്ടികയും ഒഡീഷ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്.

അപകടത്തില്‍ ഇതുവരെ മരിച്ചത് 275 പേരാണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നേരത്തെ 288 പേര്‍ മരിച്ചെന്നായിരുന്നു അറിയിച്ചിരുന്നത്. ചില മൃതദേഹങ്ങള്‍ രണ്ടു തവണ എണ്ണിയതാണ് ഈ പിശകിന് കാരണമെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. മരിച്ച 275 പേരില്‍ 88 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളൂവെന്നും ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 1175 പേര്‍ക്ക് പരിക്കേറ്റതില്‍ 793 പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നതാണ് ഒഡിഷ സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്തുന്നതെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു.

മരിച്ചവരുടെ ഫോട്ടോകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. അപകടത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഈ ചിത്രങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നവയാണ്. കുട്ടികള്‍ ഈ ചിത്രങ്ങള്‍ കാണുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബന്ധുക്കള്‍ക്ക് 1929 എന്ന ഹെല്‍പ്പലൈന്‍ നമ്പറിലൂടെ അധികൃതരെ ബന്ധപ്പെടാം. മോര്‍ച്ചറികളിലേക്കും ആശുപത്രികളിലേക്കും എത്തുന്നതിന് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി റെയിൽവേ ബോർഡ് ഓപ്പറേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് അം​ഗം ജയ വർമ സിൻഹ. പ്രഥമിക അന്വേഷണത്തിൽ സി​ഗ്നൽ സംവിധാനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി അവർ പറഞ്ഞു.

അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ജയ വർമ സിൻഹ പറഞ്ഞു. കോറമണ്ഡൽ എക്സ്പ്രപസ് മാത്രമാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറിൽ 128 കിലോമീറ്റർ വേ​ഗത്തിലായിരുന്നു ട്രെയിനെന്നും അവർ വ്യക്തമാക്കി.

ചരക്കു തീവണ്ടി പാളം തെറ്റിയിട്ടില്ലെന്ന്‌ ജയ വർമ സിൻഹ പറഞ്ഞു. ചരക്കുതീവണ്ടിയിൽ ഇരുമ്പയിര് ഉണ്ടായത് അപകടത്തെ കൂടുതൽ രൂക്ഷമാക്കി. ഇത് മരണസംഖ്യ ഉയർത്തുന്നതിനും ​ഗുരുതരമായി പരിക്കേൽക്കുന്നതിനും കാരണമായി. അപകടത്തിൽ ഏറ്റവുമധികം പരിക്കേറ്റതും കോറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കാർക്കായിരുന്നു. പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിന്റെ ബോ​ഗികൾ സമീപത്തെ ട്രാക്കിലൂടെ കടന്നുപോകുകയായിരുന്ന യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിക്കുകയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

റെയിൽവേയുടെ ഹെൽപ് ലെെൻ നമ്പറായ 139-ൽ ബന്ധപ്പെടാവുന്നതാണ്. റെയിൽവേയുടെ മുതിർന്ന ഉദ്യോ​ഗസ്ഥർ കഴിയുന്നത്ര ആളുകളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കുടുംബാംഗങ്ങൾക്ക് നമ്പറിൽ ബന്ധപ്പെടാം. അവർക്ക് കാണാനുള്ള അവരമൊരുക്കുമെന്നും ഇതിന് ആവശ്യമായ ചെലവുകളെല്ലാം റെയിൽവേ എറ്റെടുക്കുമെന്നും ജയ വർമ സിൻഹ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.