സ്വന്തം ലേഖകന്‍: എസ്‌കലേറ്ററില്‍ നിന്നും വീണ് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്; ചിത്രം വൈകുമോയെന്ന ആശങ്കയില്‍ ആരാധകര്‍. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്‍ വലിയ പ്രതീക്ഷകളോടെയാണ് റിലീസിനായി ഒരുങ്ങുന്നത്. അതിനിടെ എസ്‌കലേറ്ററില്‍ നിന്നും വീണ് ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടമുണ്ടായത്. മുഖം ഇടിച്ച് വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശാസ്ത്രക്രിയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഒടിവുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്റ് ശാസ്ത്രക്രിയ്ക്ക് വിധേയനാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ശാസ്ത്രക്രിയ്ക്ക് ശേഷം രണ്ടാഴ്ചയിലധികം വിശ്രമം ആവശ്യം വരുമെന്നാണ് സൂചന.
ബിഗ് ബജറ്റിലൊരുക്കിയ ഒടിയന്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. ഡിസംബര്‍ പതിനാലിന് റിലീസ് തീരുമാനിച്ചിരുന്ന ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെന്നൈയിലും മുംബൈയിലുമായി ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലായിരുന്നു ഈ പണികളൊക്കെ നടക്കുന്നത്. സംവിധായകന്‍ കിടപ്പിലായതോടെ കാത്തിരുന്ന ചിത്രം വൈകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
ഒടിയനില്‍ നിന്നുമുള്ള ആദ്യ ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കൊണ്ടോരാം എന്ന് തുടങ്ങുന്ന പ്രണയഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. അല്പ സമയത്തിനകം തന്നെ പാട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല