സ്വന്തം ലേഖകൻ: പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. യു.എസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കുന്നതിനായി വിമാനം ലാസ് വേഗസില്‍തന്നെ അടിയന്തരമായി ഇറക്കേണ്ടിവന്നു.
ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന മറ്റൊരു വിമാനക്കമ്പനിയിലെ പൈലറ്റ് സഹായിക്കാന്‍ രംഗത്തിറങ്ങി. അദ്ദേഹം എയര്‍ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുകയും സഹപൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ്‌പൈലറ്റ് കുഴഞ്ഞുവീണത്.
ഇതോടെ വിമാനം നിലത്തിറക്കേണ്ടിവന്നു. അപദ്ഘട്ടത്തില്‍ സഹായിച്ച അവധിയിലുണ്ടായിരുന്ന പൈലറ്റിന് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് നന്ദിയറിയിച്ചു. ഒന്നേകാല്‍ മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പിന്നീട് പകരം പൈലറ്റുമാരെത്തി എത്തി വിമാനം കൊളംബസിലേക്കു പറന്നു. സംഭവത്തെപ്പറ്റി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല