1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2021

സ്വന്തം ലേഖകൻ: എണ്ണ ഉല്‍പ്പാദന പരിധിയുടെ കാര്യത്തില്‍ പ്രധാന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ സൗദിയും യുഎഇയും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും അത് എണ്ണ വിലയില്‍ കാര്യമായ കുറവുണ്ടാക്കിയില്ല. തര്‍ക്കം പരിഹരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം റഷ്യ ഉള്‍പ്പെടെയുള്ള 22 അംഗ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ വിശാല കൂട്ടായ്മയായ ഒപെക് പ്ലസ്സിന് എണ്ണ ഉല്‍പ്പാദനം കൂട്ടുന്ന കാര്യത്തില്‍ ഒരു സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. ഇത് എണ്ണ വിപണിയില്‍ അനിശ്ചിതത്വത്തിലും തുടര്‍ന്ന് വില വര്‍ധനവിനും കാരണമാവുകായിരുന്നു.

എണ്ണ വില വര്‍ധന പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി പ്രതിദിനം 20 ലക്ഷം ബാരല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നായിരുന്നു എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയിലെ ധാരണ. ഇതില്‍ തങ്ങളുടെ ഉല്‍പ്പാദന ഓഹരി കൂടുതല്‍ വര്‍ധപ്പിക്കണമെന്ന അബൂദാബിയുടെ ആവശ്യമാണ് തര്‍ക്കത്തിന് കാരണമായത്. മറ്റ് അംഗ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അബൂദാബിക്ക് അനുവദിക്കപ്പെട്ട ഉല്‍പ്പാദന പരിധി വളരെ കുറവാണെന്നും ഇത് ഉയര്‍ത്താന്‍ അനുവദിക്കണമെന്നുമാണ് അബൂദാബിയുടെ ആവശ്യം.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ നിലവിലെ 3.17 ദശലക്ഷം ബാരലില്‍ നിന്ന് 3.65 ദശലക്ഷം ബാരലായി പ്രതിദിന ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് അബൂദാബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ യോജിച്ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണ വിലയാണ് ആഗോള വിപണിയില്‍ നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം പല വികസനിത രാജ്യങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചതോടെ എണ്ണ ഉപയോഗം വര്‍ധിക്കുകയും ഡിമാന്റ് കൂടുകയുമായിരുന്നു. ഇതിനനുസരിച്ച് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറാവാതിരുന്നതാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.

എന്നാല്‍ യുഎഇ-സൗദി തര്‍ക്കം താല്‍ക്കാലികമായി അവസാനിച്ചതോടെ എണ്ണ വില നിയന്ത്രണ വിധേയമാവുമെന്ന വിലയിരുത്തലിലാണ് ആഗോള വിപണി. കൊവിഡ് വ്യാപകമായ സാഹചര്യത്തില്‍ എണ്ണ വിപണിയിലുണ്ടായ വന്‍ തകര്‍ച്ച എണ്ണ ഉല്‍പ്പാദനം കുത്തനെ കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളെ നിര്‍ബന്ധിതരാക്കിയിരുന്നു. 10 ദശലക്ഷം ബാരലാണ് പ്രതിദിന ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയത്. എന്നാല്‍ നിലവില്‍ അത് 5.8 ദശലക്ഷം ബാരലില്‍ എത്തി നില്‍ക്കുകയാണ്.

അതിനിടെ, എണ്ണവില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ യുഎഇ, സൗദി മന്ത്രിമാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. പുതിയ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി സൗദിയിലെയും യുഎഇയിലെയും ഊര്‍ജ മന്ത്രിമാരുമായാണ് ഫോണില്‍ ബന്ധപ്പെട്ടത്. എണ്ണ വില നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം അദ്ദേഹം ചര്‍ച്ചയില്‍ ഉന്നയിച്ചു.

എണ്ണ വില വര്‍ധിച്ച് പല സംസ്ഥാനങ്ങളിലും ലിറ്ററിന് 100 രൂപയില്‍ കൂടുതലായതോടെ കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലായിരുന്നു സമ്മര്‍ദ്ദ തന്ത്രവുമായി ഇന്ത്യ രംഗത്തെത്തിയത്. സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് അല്‍ സൗദ്, യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക്ക് സിഇഒയുമായ സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.