1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2017

സ്വന്തം ലേഖകന്‍: ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടന്ന ആരോപണം ശക്തമാകുന്നു, വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സന്ദര്‍ശിക്കാന്‍ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയയന്റെ വാഹനം ജനങ്ങള്‍ മൂന്നു മിനിറ്റോളം തടഞ്ഞുവച്ചു. ദുരിതബാധിത മേഖലകളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചയിരുന്നു പ്രതിഷേധം.

പ്രതിഷേധം ശക്തമായതോടെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. വാഹനത്തിന് നീങ്ങാന്‍ വഴിയൊരുക്കുന്നതിന് പൊലീസിന് വളരെ പണിപ്പെടേണ്ടിവന്നു. വിഴിഞ്ഞം സെന്റ് മേരീസ് പളളിയില്‍ ദുരിതബാധിതരെ കണ്ട് മടങ്ങുമ്പോഴാണ് പ്രതിഷേധം ഉണ്ടായത്. പൂന്തുറയിലും മുഖ്യമന്ത്രി സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.

മല്‍സ്യത്തൊഴിലാഴികളുടെ ഉത്കണ്ഠയ്‌ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് പറഞ്ഞു. ഇത്ര വലിയ ദുരന്തം ആദ്യമാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും. മല്‍സ്യത്തൊഴിലാളികള്‍ക്കൂടി സഹകരിച്ച് ശ്രമം വിജയിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കന്യാകുമാരി സന്ദര്‍ശിച്ചു. തെരച്ചിലിലെ സര്‍ക്കാര്‍ പരാജയത്തില്‍ പ്രതിഷേധിച്ച് ജനം. വിഴിഞ്ഞത്തും പൂന്തുറയിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം തുടരുകയാണ്.

അതേസമയം, ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 29 ആയി. ഞായറാഴ്ച 14 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 77 പേരെയാണ് ഞായറാഴ്ച രക്ഷപെടുത്താനായത്. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൂന്തുറയില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും ജീവനോടെ എത്തിക്കാനായില്ല. കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇപ്പോഴും പുറങ്കടലില്‍ തിരച്ചില്‍ നടത്തുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.