1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2017

സ്വന്തം ലേഖകന്‍: കേരളവും ലക്ഷദ്വീപും പിടിച്ചു കുലുക്കി ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം, സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഓഖി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ ശക്തമായ കാറ്റിനുസാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ഓഖിയുടെ ശക്തി കുറയുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് ശനിയാഴ്ച രാത്രിയോടെ കനത്ത കടലാക്രമണമുണ്ടായി. പലയിടത്തു കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചു കയറിയത് പരിഭ്രാന്തി പരത്തി. തീരദേശത്തെ റോഡുകളെല്ലാം വെളളത്തിലായി.

കടലാക്രമണം രൂക്ഷമായ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. മൂന്നു നാള്‍ പിന്നിട്ട ദുരിതത്തില്‍ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. ഇതില്‍ എട്ടു പേര്‍ ഇന്നലെ മരിച്ചവരാണ്. തമിഴ്‌നാട്ടില്‍ ആകെ മരണം ഒന്‍പതായി. കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ തന്നെ പുനരാരംഭിച്ചു. മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം നിലയിലും തിരച്ചിലിനിറങ്ങിയിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ കടല്‍ പലയിടത്തും ഇന്നും പ്രക്ഷുബ്ധമാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കണ്ണൂര്‍ ആയിക്കരയില്‍ കാറ്റില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കടല്‍ക്ഷോഭം രണ്ട് ദിവസത്തേക്ക് കൂടി തുടരുന്നതിനാല്‍ മലബാറിലെ മത്സ്യത്തൊഴിലാളികള്‍ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കി.

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ 110 പേര്‍ നാട്ടിലേക്ക് പോകാനാവാത്ത അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി, താനൂര്‍ എന്നിവിടങ്ങളില്‍ കടല്‍ ഇന്നും പ്രക്ഷുബ്ധമാണ്. വടക്കന്‍ ജില്ലകളിലെ തീരദേശത്ത് താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.