1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാനെത്തിയ വാഹനമാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍. ബുക്കിങ്ങില്‍ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വില്‍പ്പനയിലും വില്‍പ്പനയിലും ഈ റെക്കോഡ് തുടരുകയാണ് ഒല. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതായിരുന്നു ഒല സ്‌കൂട്ടര്‍ അവതരണത്തിന് മുമ്പ് സ്വന്തമാക്കിയ റെക്കോഡ്.

രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയുടെ വില്‍പ്പനയാണ് ഞങ്ങള്‍ നേടിയിരിക്കുന്നത്. മൂല്യത്തില്‍ അടിസ്ഥാനത്തില്‍ ഇത് ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ്. വാഹന വ്യവസായത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ചരിത്രത്തില്‍ തന്നെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയെന്ന റെക്കോഡാണ് ഒല നേടിയിട്ടുള്ളത്. നമ്മള്‍ ശരിക്കും ഡിജിറ്റല്‍ ഇന്ത്യയില്‍ തന്നെയാണ് ജീവിക്കുന്നതെന്ന് വീണ്ടും തെളിയുന്നതായി ഒല ഗ്രൂപ്പ് സി.ഇ.ഒ. ഭവീഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

ഒല ഇലക്ട്രിക്കിന്റെ പര്‍ച്ചേസ് വിന്‍ഡോ നിലവില്‍ അടച്ചിരിക്കുകയാണ്. എന്നാല്‍, റിസര്‍വേഷന്‍ ഇപ്പോഴും തുടരുന്നുണ്ട്. പര്‍ച്ചേസ് വിന്‍ഡോ നവംബര്‍ ഒന്നാം തിയതി വീണ്ടും തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാമെന്നും ഒല അറിയിച്ചു. മുന്‍പ് തന്നെ ബുക്ക് ചെയ്തിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ വാഹനം ലഭിക്കാത്തവര്‍ക്ക് നവംബര്‍ ഒന്നാം തിയതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഒല ഉറപ്പുനല്‍കി.

എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും. എസ്-1 പ്രോയാണ് ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം. അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയില്‍ നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ പരമാവധി വേഗത എടുക്കാന്‍ കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചും 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ആറര മണിക്കൂറാണ് എടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.