
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും കരുത്തുറ്റ വനിതയെന്ന ഫോബ്സ് മാഗസിൻ അംഗീകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലം കൈവിടാത്ത അംഗല മെർക്കൽ ജർമൻ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു. സെപ്റ്റംബറിൽ തിരഞ്ഞെടുപ്പുകഴിഞ്ഞു ചാൻസലർ പദവിയൊഴിഞ്ഞ്, കാവൽ മന്ത്രിസഭയെ നയിക്കുകയായിരുന്ന അവരുടെ പിൻഗാമിയായി ഒലാഫ് ഷോൾസ് അധികാരമേറ്റു.
ഷോൾസിന്റെ സോഷ്യൽ ഡമോക്രാറ്റ് പാർട്ടിയും ഗ്രീൻ പാർട്ടിയും ഫ്രീ ഡമോക്രാറ്റ് പാർട്ടിയും ചേർന്ന അസാധാരണ ത്രികക്ഷിസഖ്യമാണ് ഇനി ജർമനിയെ നയിക്കുക. മധ്യ–ഇടതു നിലപാടുള്ള സോഷ്യൽ ഡമോക്രാറ്റുകാരും പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിക്കാരും ബിസിനസ് സൗഹൃദ അജണ്ടയുള്ള ഫ്രീ ഡമോക്രാറ്റുകാരും ചേരുന്ന പുതിയ സഖ്യത്തിന് പാർലമെന്റിൽ മികച്ച ഭൂരിപക്ഷമുണ്ട്. മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡമോക്രാറ്റ് യൂണിയൻ പ്രതിപക്ഷത്തിരിക്കും.
നേരത്തെ 303 ന് എതിരെ 395 വോട്ടിന് പാർലമെന്റ് ഷോൾസിനെ ചാൻസലറായി തിരഞ്ഞെടുത്തിരുന്നു. 736 അംഗ പാർലമെന്റിൽ ഷോൾസിന്റെ ത്രികക്ഷി സഖ്യത്തിന് 416 പേരുടെ പിന്തുണയുണ്ട്. ഗ്രീൻസ് പാർട്ടി നേതാവ് റോബർട്ട് ഹാബക് ആണ് വൈസ് ചാൻസലർ. ത്രികക്ഷി സഖ്യത്തിലെ മൂന്നാം കക്ഷിയായ ഫ്രീ ഡമോക്രാറ്റ് പാർട്ടിയുടെ നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ ആണ് ധനമന്ത്രി.
മെർക്കൽ മന്ത്രിസഭയിൽ വൈസ് ചാൻസലറും ധനമന്ത്രിയും ആയിരുന്നു ഷോൾസ്. കോവിഡ് നാലാം തരംഗം, കാലാവസ്ഥാ പ്രതിസന്ധി, റഷ്യയുമായുള്ള സംഘർഷം, ചൈനയുടെ അധീശത്വം എന്നിങ്ങനെ നിരവധി വെല്ലുവിളികളാണ് ഷോൾസിനെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല