1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മെയ് 15 മുതല്‍ പുതിയ ഫ്‌ളെക്‌സിബ്ള്‍ വര്‍ക്കിംഗ് സിസ്റ്റത്തിന് അനുസൃതയമായി സമയക്രമം പുനക്രമീകരിച്ച് രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍. രാവിലെ 7.30നും വൈകിട്ട് 4.30നും ഇടയിലുള്ള ഒന്‍പത് മണിക്കൂറിനുള്ളില്‍ സൗകര്യപ്രദമായ ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖിന്റെ രാജകീയ വിളംബരത്തെ തുടര്‍ന്നാണ് നടപടി.

സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി സംവിധാനം സുഗമമാക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സമയം സേവനങ്ങള്‍ ലഭ്യമാക്കുക കൂടി ചെയ്യുന്നതിന്റെ ഭാഗമായാണിത്. ഭരണാധികാരിയുടെ പ്രഖ്യാപിനത്തെ തുടര്‍ന്ന് മെയ് 15 മുതല്‍ ഫ്‌ളെക്‌സിബ്ള്‍ വര്‍ക്കിംഗ് സിസ്റ്റം നടപ്പാക്കിക്കൊണ്ട് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ എല്ലാ സര്‍വീസ് ഡെലിവറി ഔട്ട്ലെറ്റുകളും രാവിലെ 7.30 മുതല്‍ വൈകീട്ട് മൂന്നുവരെ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനുമായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഓണ്‍ലൈന്‍ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഭവന, നഗരാസൂത്രണ മന്ത്രാലയത്തില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ വില്‍പനക്കും വാങ്ങലിനുമുള്ള നിയമനടപടികളുടെ ഇടപാടുകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു മണി വരെ മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ കോള്‍ സെന്റര്‍ സംവിധാനം ആരംഭിച്ചതായും മന്ത്രാലയം വക്താവ് അറിയിച്ചു. എന്നാല്‍ മന്ത്രാലയ ഓഫീസില്‍ ആവശ്യമായ ഇടപാടുകള്‍ നടത്തുന്നതിന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ മാത്രമേ ജീവനക്കാരുടെ സേവനം ലഭ്യമാവുകയുള്ളൂ.

വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ആസ്ഥാനത്തും അതിന്റെ ഡയറക്ടറേറ്റുകളിലും വിവിധ ഗവര്‍ണറേറ്റുകളിലുള്ള അനുബന്ധ വകുപ്പുകളിലും പ്രവര്‍ത്തന സമയം വൈകിട്ട് 4.30വരെ ആയിരിക്കുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. പരിസ്ഥിതി അതോറിറ്റിയിലെ കസ്റ്റമര്‍ സേവനങ്ങള്‍ വൈകിട്ട് മൂന്നു മണി വരെയും ലഭ്യമായിരിക്കും. അതേസമയം, നോണ്‍ സര്‍വീസ് ഡിപ്പാര്‍ട്ടമെന്റുകള്‍ വൈകീട്ട് 4.30 വരെ പ്രവര്‍ത്തിക്കും.

ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ജോലി സമയം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന പുതിയ രീതിക്ക് അനുസൃതമായി മറ്റ് മന്ത്രാലയങ്ങളും പൊതു മേഖലാ സ്ഥാപനങ്ങളും വരും ദിവസങ്ങളില്‍ സമയക്രമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

രാവിലെ 7.30 മുതല്‍ വൈകീട്ട് 4.30 വരെയുള്ള സമയത്തിനിടയില്‍ സൗകര്യപ്രദമായ ഏഴ് മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് സിസ്റ്റം. ഇതു പ്രകാരം ഓഫീസുകളുടെ സേവനം കൂടുതല്‍ സമയം ലഭ്യമാക്കാനാവും. ഓരോ സ്ഥാപനത്തിലെയും ജീവനക്കാര്‍ക്ക് പുതിയ രീതിക്കനുസരിച്ച് തൊഴില്‍ സമയം നിര്‍ണയിച്ചു കൊടുക്കുകയാണ് ചെയ്യുക. പുതിയ പരിഷ്‌ക്കാരത്തെ ജീവനക്കാര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.