
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റി ജമ്മുവും കശ്മീരും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനെ തുടർന്ന് അഞ്ചുമാസമായി വീട്ടുതടങ്കലിലുള്ള കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ട്വിറ്ററിലൂടെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ രൂപമാറ്റം വന്ന ഉമറിന്റെ ഫോട്ടോ ശനിയാഴ്ച പുറത്തുവിട്ടത്.
താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നിൽക്കുന്ന ഉമർ അബ്ദുല്ലയുടേതാണ് ആ ചിത്രം.
“ഈ ഫോട്ടോയിൽ ഉമറിനെ തിരിച്ചറിയാൻ എനിക്ക് കഴിയുന്നില്ല. ദുഃഖം തോന്നുന്നു. നിർഭാഗ്യവശാൽ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കും,” മമത കൂട്ടിച്ചേര്‍ത്തു.
ഉമർ അബ്ദുല്ലക്കൊപ്പം ഫറൂഖ് അബ്ദുള്ള, മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും നിയമജ്ഞരും വ്യവസായികളുമാണ് ജമ്മു – കശ്മീരിൽ തടങ്കലിൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിൽ വിവിധ ജില്ലകളിൽ ടെലഫോൺ സേവനവും ഇന്‍റർനെറ്റും പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തിൽ എല്ലാ വിഭാഗക്കാർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും മധ്യ-ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസി. സെക്രട്ടറി ആലീസ് വെൽസ് അഭിപ്രായപ്പെട്ടിരുന്നു. വിദേശ നയതന്ത്ര സംഘം നടത്തിയ കശ്മീർ സന്ദർശനം പ്രയോജനകരമായെന്നും ആലീസ് വെൽസ് പറഞ്ഞു.
നിയമത്തിന് കീഴിൽ തുല്യപരിരക്ഷയെന്ന തത്വത്തിനാണ് യു.എസ് പ്രാധാന്യം നൽകുന്നതെന്ന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആലീസ് വെൽസ് പ്രതികരിച്ചു. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളും രാഷ്ട്രീയ എതിർപ്പുകളും മറ്റും അറിയാൻ സാധിച്ചു. നിയമത്തിന് കീഴിൽ എല്ലാവർക്കും തുല്യ പരിരക്ഷ വേണമെന്ന നിലപാടാണ് യു.എസ് ഉയർത്തിപ്പിടിക്കുന്നതെന്നും വെൽസ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല