1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: ഒമാൻ യുഎഇ എന്നീ രാജ്യങ്ങൾ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ റെയിൽ പാത വരുന്നത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ, ഒമാൻ എന്നീ രാജ്യങ്ങൾ തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് രണ്ട് രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്.

പദ്ധതി നടപ്പിലാക്കാൻ വേണ്ടി വരുന്ന ചെലവ് ഏകദേശം 1.16 ബില്യണ്‍ ഒമാനി റിയാല്‍ (മൂന്ന് ബില്യണ്‍ ഡോളര്‍) ആണെന്നാണ് കണക്കുക്കൂട്ടുന്നത്. ഇത്തിഹാദ് റെയിലും ഒമാന്‍ റെയില്‍വേയും തമ്മിലുള്ള കരാര്‍ പ്രകാരം അബുദാബിയെ സൊഹാറുമായി പാസഞ്ചര്‍ ട്രെയിനുകള്‍ വഴി ബന്ധിപ്പിക്കും. റെയില്‍വേ ശൃംഖല രണ്ട് രാജ്യങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും മൂന്ന് ബില്യണ്‍ ഡോളറിന്റെ സംയുക്ത കമ്പനി സ്ഥാപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യകൾ കൊണ്ടുവരും. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും റെയിൽവേ പണി പൂർത്തിയാക്കുക.

അബുദാബിയിൽ നിന്നും സൊഹാറില്‍ എത്താനുള്ള യാത്രാ സമയം ഒരു മണിക്കൂര്‍ 40 മിനിറ്റായി കുറയും. സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്കുള്ള യാത്രാ സമയം 47 മിനിറ്റായും കുറയും. റെയില്‍വേ യാഥാര്‍ഥ്യമാകുന്നതോടെ യാത്ര സമയം കുറയും എന്നത് തന്നെയാണ് വലിയ പ്രത്യേകത. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും പാസഞ്ചര്‍ ട്രെയിനുകൾ സഞ്ചരിക്കുക.

എന്നാൽ ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിൽ ഓടും. എമിറേറ്റ്സ് ന്യൂസ് ഏജന്‍സിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ റെയില്‍വേ ശൃംഖല സുഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ വ്യാപാരം പ്രാദേശിക തലങ്ങളില്‍ സുഗമമാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ശക്തിപ്പെടുത്താൻ ഇത് ഒരുപാട് സഹായിക്കും.

ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മലക്കും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍റഹ്മാൻ സലിം അല്‍ ഹാത്മിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. റെയിൽ പദ്ധതി വരുന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങൾ വരും. സ്വകാര്യ മേഖലയില്‍ വലിയ നിക്ഷേപ സാധ്യയാണ് ഉള്ളത്. സംയുക്ത പ്രസ്താവനയില്‍ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 303 കിലോമീറ്റര്‍ റെയില്‍വേ ആദ്യ ഘട്ടത്തില്‍ ഒമാന്‍ നഗരമായ സൊഹാറിനെ യുഎഇ തലസ്ഥാനമായ അബുദാബിയേയും ആണ് ബന്ധിപ്പിക്കുന്നത്. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും റെയില്‍വേ പാത നിര്‍മിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.