
സ്വന്തം ലേഖകൻ: തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി ഇൗ മാസം 31ന് അവസാനിക്കും. ആയിരങ്ങളാണ് പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുകളിലേക്ക് മടങ്ങുന്നത്. ബംഗ്ലാദേശ് സ്വദേശികളാണ് മടങ്ങുന്നവരിൽ കൂടുതലും. ഇന്ത്യക്കാർ താരതമ്യേന കുറവാണ്. ഡിസംബർ പകുതിയിലെ കണക്കുകൾ പ്രകാരം മടങ്ങാൻ രജിസ്റ്റർ ചെയ്ത ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം മുപ്പതിനായിരം പിന്നിട്ടു.
കുറഞ്ഞ വരുമാനക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും. ഇവരുടെ മടക്കം തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികളടക്കം ചെറുകിട വ്യാപാരികൾ. ഇവർ ഇടപാടുകൾക്ക് കാര്യമായി ആശ്രയിച്ചിരുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഹോട്ടലുകളെയും കഫറ്റീരിയകളെയുമാണ്. ഇത്തരക്കാർ രാജ്യം വിടുന്നത് വൻ പ്രതിസന്ധിയായി മാറുമെന്നാണ് ചെറുകിട വ്യാപാരികളിൽ ചിലർ പറയുന്നത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന മലയാളികൾ തീരെ കുറവാണ്. എന്നാൽ, അനധികൃതമായി ഒമാനിൽ കഴിയുന്ന ബംഗ്ലാദേശ് സ്വദേശികൾ നിരവധിയാണ്. ദിവസക്കൂലിക്കും മറ്റും ജോലിയെടുക്കുന്ന ഇവർക്ക് കോവിഡ് സാഹചര്യത്തിൽ വരുമാനത്തിലുണ്ടായ കുറവും കൂട്ടമായി മടങ്ങുന്നതിന് കാരണമാണ്. കടുത്ത നടപടികൾ ഭയന്ന് കഴിഞ്ഞ പൊതുമാപ്പുകളിൽ നാട്ടിൽ പോകാത്തവർ പോലും ഇൗ പൊതുമാപ്പിൽ നാട്ടിൽ പോവുന്നുണ്ട്.
ഡിസംബർ 31നുള്ളിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. പത്ത് വർഷത്തിൽ കൂടുതൽ നാട്ടിൽ പോവാതെ ഒമാനിൽ അനധികൃതമായി തങ്ങിയവരും മടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികൾ ഏറ്റവും കൂടുതൽ തങ്ങുന്ന ഹമരിയ അടക്കം മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധി കാര്യമായിതന്നെ ബാധിക്കാനിടയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല