
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് കാലത്ത് മാനസിക സമ്മർദവും ഉത്കണ്ഠയും വിഷാദവും ഉറക്കമില്ലായ്മയും വർധിച്ചതായി പഠനം. സ്ത്രീകളിലും യുവാക്കളിലുമാണ് പ്രശ്നങ്ങൾ കൂടുതലെന്നും സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രി നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിവിധ ഗവർണറേറ്റുകളിലെ 1580 സ്വദേശികൾക്കും വിദേശികൾക്കുമിടയിലാണ് സർവേ നടത്തിയത്.
ഇതിൽ 30 ശതമാനം പേരും കോവിഡിനെ തുടർന്നുള്ള കാരണങ്ങളാൽ മാനസിക സമ്മർദവും ഉത്കണ്ഠയും വിഷാദവും ഉറക്കമില്ലായ്മയും അടക്കം അനുഭവിക്കുന്നതായി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് ഡോ. ഹമദ് ബിൻ നാസർ അൽ സെനാവി പറഞ്ഞു.
കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകരാണ് മാനസിക സമ്മർദം കൂടുതലായി അനുഭവിക്കുന്നത്. 40 വയസ്സിൽ താഴെയുള്ളവരെ മാനസിക സമ്മർദങ്ങൾ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അൽ മസാറ ആശുപത്രിയിലെ മെഡിക്കൽ പുനരധിവാസ കേന്ദ്രം മേധാവി ഡോ. നദ ബിൻത് അബ്ദുല്ല അൽ ബലൂഷി പറയുന്നു.
ശരിയായ ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം, ആഴ്ചയിൽ 90 മിനിറ്റ് എങ്കിലും വ്യായാമം എന്നീ കാര്യങ്ങൾ പിന്തുടർന്നാലേ മാനസിക സമ്മർദം കുറക്കാൻ സാധിക്കൂ എന്നും അവർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല