
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. സെപ്തംബര്‍ ഒന്ന് മുതലാണ് തീരുമാനം പ്രാബല്ല്യത്തിൽ വരിക. കര, കടൽ, വ്യോമ അതിർത്തി വഴി ഒമാനിലേക്ക് വരുന്നവർക്കെല്ലാം ഇത് ബാധകമായിരിക്കും. ഒമാൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് സെപ്തംബർ ആദ്യം മുതൽ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഓക്സ്ഫേര്‍ഡ് ആസ്ട്രാസെനക്ക, ഫൈസർ, സ്പുട്നിക്ക്, സിനോവാക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്. രാത്രികാല ലോക്ഡൗൺ ശനിയാഴ്ച മുതൽ അവസാനിപ്പിക്കാനും ഷോപ്പിങ് മാളുകളിലും മറ്റും പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധമാക്കാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ഇന്ത്യയും പാക്കിസ്താനുമടക്കം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് സംബന്ധിച്ച് സുപ്രീം കമ്മിറ്റി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
അതിനിടെ ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം 200ൽ താഴെയെത്തി. ഒരു ഇടവേളക്ക് ശേഷം ആണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമാനില്‍ 300581 ആയി. കഴിഞ്ഞ ദിവസം എട്ട് പേർ കൂടി മരിച്ചതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4007 ആയി. 220 പേർക്ക് കൂടി രോഗം മാറി. 24 പേരെ മാത്രമാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 239 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 98 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
ഒമാനില്‍ വിദേശികള്‍ക്ക് സൗജന്യ വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാർബർമാർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, മറ്റ് കുറഞ്ഞ വരുമാനക്കാർ തുടങ്ങിയവർക്കാണ് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ വാക്സിനേഷന്‍ ക്യാമ്പുകൾ ഉദ്യോഗസ്ഥർ സംഘടിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല