1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ഒമാനിലേക്കുള്ള യാത്ര വിലക്ക് പിന്‍വലിച്ചപ്പോള്‍ വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. ഒമാനിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ള നിരക്കാണ് ഇപ്പോള്‍ ഉള്ളത്. ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ് പോലും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പ്രവാസികള്‍ക്ക് വലിയ വെല്ലുവിളിയാകുന്നു. ഗോ എയറും ഇൻഡിഗോയുമടക്കം ബജറ്റ് വിമാന കമ്പനികൾക്ക് അനുവാദം നൽകണമെന്നാണ് പ്രവാസികളും സാമൂഹികപ്രവർത്തകരും ആവശ്യപ്പെടുന്നത്.

എയർ ബബിൾ ധാരണപ്രകാരമാണ് ബുധനാഴ്ച മുതൽ ഒമാനിലേക്ക് വിമാന സർവിസുകൾ പുനരാരംഭിക്കുക. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് എയർ ബബിൾ ധാരണയുണ്ടെങ്കിലും ഇന്ത്യൻ ബജറ്റ് വിമാന കമ്പനികൾ കൂടി സർവിസ് നടത്തുന്നതിനാൽ ടിക്കറ്റ് വിലയില്‍ കുറവുണ്ട്. മസ്കത്തിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ദേശീയ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവ മാത്രമാണ് സർവിസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന നിരക്ക് തന്നെ ടിക്കറ്റിനായി നല്‍കേണ്ടി വരും.

ഡൽഹിയിൽനിന്ന് മസ്കത്തിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റ് നിരക്കുകൾ 500 റിയാല്‍ ആയി. ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും ഇതേ നിരക്ക് തന്നെയാണ്. ഈ സമയത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ജോലി സ്ഥലത്തേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നു. കഴിഞ്ഞവർഷം കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്ദേ ഭാരത് വിമാന സർവിസുകള്‍ ഉണ്ടായിരുന്നു. നൂറ് റിയാലിൽ താഴെയാണ് അന്ന് ടിക്കറ്റ് നിരക്കുണ്ടായിരുന്നത്.

പ്രവാസികള്‍ ഇന്ത്യയുടെ സാമ്പത്തികനില ഭദ്രമാക്കുന്നവരാണ്. അവരുടെ ജോലി നഷ്ടപ്പെട്ടാല്‍ അത് രാജ്യത്തിന്‍റെ സാമ്പത്തിക നിലയെ തന്നെ ബാധിക്കും. ഇപ്പോഴുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സാധാരണ പ്രവാസികളെ കൊണ്ട് താങ്ങാന്‍ സാധിക്കാത്തതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പലര്‍ക്കും മാസത്തില്‍ 100 റിയാല്‍ ആണ് ശമ്പളം കിട്ടുന്നത്. ഇവര്‍ എങ്ങനെ 300 റിയാലിന് ടിക്കറ്റ് എടുക്കും എന്നാണ് ചോദ്യം.

തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബർ അവസാനം വരെ 295 റിയാലാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഒക്ടോബർ ആദ്യത്തോടെ ഇത് 156 റിയാല്‍ ആയി കുറയുന്നുണ്ട്. കോഴിക്കോട്ട് നിന്നും കണ്ണൂരിൽനിന്നും ഇതേ നിരക്കാണ് ഇപ്പോള്‍ ഉള്ളത്. കോഴിക്കോട്ടു നിന്ന് സെപ്റ്റംബർ മുഴുവൻ 266 റിയാലാണ് നിരക്ക്. ഒക്ടോബറിൽ ഇത് 119 റിയാലായി കുറയുന്നുണ്ട്.

കണ്ണൂരിൽ നിന്ന് സെപ്റ്റംബർ മുഴുവൻ 269 റിയാലാണെങ്കില്‍ ഒക്ടോബറിൽ ഇത് 130 റിയാലായി കുറയുന്നു. ടിക്കറ്റ് ബുക്കിങ്ങ് കൂടുന്നതിനനുസരിച്ച് ഇത് കൂടാന്‍ ആണ് സാധ്യത. കൊവിഡ് പ്രതിസന്ധികാലത്ത് ഒമാനും ഇന്ത്യയും തമ്മിലുണ്ടാക്കിയ എയർബബ്ൾ കരാർ പ്രകാരം സീറ്റുകൾ 10,000 ആയി കുറച്ചു. കരാര്‍ നവംബറിൽ പുതുക്കിയപ്പോള്‍ ആഴ്ചയിൽ 5000 ആയി കുറച്ചു.

പിന്നീട് 1000 സീറ്റുകൾ കൂട്ടി ആഴ്ചയിൽ 6000 സീറ്റുകൾ എന്ന നിലയിലാണ് സർവിസ് പുനരാരംഭിക്കുക. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ-ഒമാൻ സെക്ടറിൽ സീറ്റുകൾ വർധിപ്പിക്കണമെന്നും സ്വകാര്യ ബജറ്റ് വിമാന സർവിസുകളായ ഗോഎയർ, ഇൻറിഗോ, സ്പൈസ് ജറ്റ് എന്നിവക്ക് സർവിസ് അനുവദിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.