
സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിൽസക്കുള്ള കവറേജുള്ളതാകണം ഇൻഷൂറൻസെന്ന് സർക്കുലറിൽ പറയുന്നു.
സ്വദേശികൾ ഒഴിച്ചുള്ള മുഴുവൻ യാത്രക്കാർക്കും ഈ നിബന്ധന ബാധകമായിരിക്കും. അഞ്ച് റിയാൽ വരെയാണ് ഇൻഷൂറൻസിന് ചെലവ് വരുക. ഇൻഷൂറൻസ് നിബന്ധനയെ കുറിച്ചറിവില്ലാത്ത നിരവധി യാത്രക്കാർക്ക് വ്യാഴാഴ്ച കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനുമതി നിഷേധിച്ചിരുന്നു.
അതിനിടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും മാളുകളിലും പ്രവേശിക്കാൻ ഒറ്റ ഡോസ് വാക്സിനേഷൻ നിർബന്ധമാക്കിയതോടെ വാക്സിനെടുക്കാത്തവർ നെട്ടോട്ടത്തിനാണ്. താഴ്ന്ന വരുമാനക്കാരായ നിർമാണമേഖലയിൽ അടക്കം പ്രവർത്തിക്കുന്ന സാധാരണക്കാരായ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ളവരാണ് വാക്സിൻ എടുക്കാത്തവരിൽ കൂടുതലും.
വാക്സിൻ എടുക്കാൻ വിമുഖത കാണിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും പണം നൽകാൻ ഇല്ലാത്തതിനാൽ സൗജന്യ വാക്സിനായി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെ ഇവർ സ്വയം പണം മുടക്കി വാക്സിനെടുക്കാൻ തീരുമാനിക്കുകയായിരുന്നു. വാക്സിൻ നൽകുന്ന സ്വകാര്യ ക്ലിനിക്കുകൾക്കും മറ്റും മുന്നിൽ നീണ്ട ക്യൂ കാണാമായിരുന്നു.
ദിവസ വേതനത്തിന് ജോലി ചെയ്യുന്ന എ.സി മെക്കാനിക്കുകൾ, പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയവരാണ് വാക്സിൻ സ്വീകരിക്കാത്തവരിൽ പലരും. ഇവർക്ക് മിക്കവാറും കമ്പനികളിലോ ഉപകരാർ അടിസ്ഥാനത്തിൽ സർക്കാർ സ്വകാര്യ ഓഫിസുകളിലോ ഷോപ്പിങ് മാളുകളിലോ ആയിരിക്കും ജോലി. ഇവിടെയെല്ലാം പ്രവേശിക്കാൻ വാക്സിൻ നിർബന്ധമാണ്. ഒക്ടോബർ 15ന് ശേഷം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും സർക്കാർ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും പ്രവേശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല