
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനോ വിമാനത്താവളങ്ങൾ അടച്ചിടാനോ നിലവിൽ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി. രോഗവ്യാപനം കുറയാത്തപക്ഷം സാങ്കേതിക കമ്മിറ്റിയുടെ പഠനത്തിെൻറ അടിസ്ഥാനത്തിൽ കർശന തുടർനടപടി സ്വീകരിക്കും. സാമൂഹിക, ആരോഗ്യ, സാമ്പത്തിക സാഹചര്യങ്ങൾ പഠനത്തിൽ കണക്കിലെടുക്കുമെന്നും ആരോഗ്യമന്ത്രി സുപ്രീംകമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമ്പൂർണ ലോക്ഡൗൺ എന്നത് അവസാനത്തെ ആശ്രയമാണ്. ഇത് ഉണ്ടാകുമോ ഇല്ലയോ എന്നത് ഇപ്പോൾ പറയാനാവില്ല. വാക്സിനേഷനെ മാത്രം ആശ്രയിക്കാൻ സാധ്യമല്ല. വാക്സിനേഷൻ വിപുലീകരിച്ച പല രാജ്യങ്ങളും അടച്ചിടലിലേക്ക് നീങ്ങിയിട്ടുണ്ട്. രോഗ വ്യാപനത്തിെൻറ സാഹചര്യം അനുസരിച്ചാണ് വിഷയത്തിൽ തീരുമാനമെടുക്കുക. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുകയെന്നും ഡോ.അൽ സഈദി പറഞ്ഞു.
ആരോഗ്യമേഖല അതിഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആശുപത്രികളിലെ ശേഷിയേക്കാളധികം രോഗികളാണുള്ളത്. അതേസമയം, രാജ്യത്ത് വെൻറിലേറ്റർ ക്ഷാമമുണ്ടെന്ന വാർത്തകൾ ആരോഗ്യമന്ത്രി നിഷേധിച്ചു. 1144 വെൻറിലേറ്ററുകൾ രാജ്യത്ത് ലഭ്യമാണ്. ഓക്സിജൻ ഫാക്ടറികൾ ആവശ്യത്തിനനുസരിച്ച് ഉൽപാദനം നടത്താൻ സുസജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം കുറക്കാൻ ലോക്ഡൗൺ ഫലപ്രദമായ വഴിയാണ്. ദോഫാറിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ റമദാൻ സമയത്ത് 55 രോഗികളാണ് ഉണ്ടായിരുന്നത്. രാത്രി ലോക്ഡൗണിനുശേഷം ഈ എണ്ണത്തിൽ കുറവുണ്ടായതായും ഡോ.അൽ സഈദി പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാതെ ഒരു മരുന്നും ഒമാനിൽ ഉപയോഗിക്കാൻ അനുമതി നൽകില്ല. വാക്സിനേഷനിലെ താമസം ഒമാെൻറ ഭാഗത്തുനിന്നുള്ള കാര്യക്ഷമതയില്ലായ്മ മൂലമല്ലെന്നും മന്ത്രി പറഞ്ഞു. വാക്സിൻ നിർമാതാക്കളുടെ കൂട്ടായ്മയിൽ ആദ്യം അംഗമായ രാഷ്ട്രം ഒമാനാണ്. എന്നാൽ നിർഭാഗ്യവശാൽ വാക്സിൻ ലഭിക്കുന്നത് വൈകുകയാണ്. എന്നാൽ ഇതുവരെ വാക്സിൻ ലഭ്യത തടസ്സപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജൂലൈ മുതൽ സെപ്റ്റംബർ വരെ സമയത്തിനുള്ളിൽ ഒമാന്‍ 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കും. ഇതുവരെ 15.15 ലക്ഷം ഡോസ് വാക്സിനാണ് ഒമാനിൽ നൽകിയത്. ആഗസ്റ്റ് അവസാനത്തിനുള്ളിൽ മുൻഗണനപ്പട്ടികയിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങളിൽ ഏറിയ പങ്കും 60 വയസ്സിനു മുകളിൽ പ്രായമുള്ള വാക്സിൻ സ്വീകരിക്കാൻ വിസമ്മതം പ്രകടിപ്പിച്ചവർ ആയിരുന്നെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷനെതിരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ഗർഭിണികൾക്കുള്ള വാക്സിനേഷൻ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചവരെയുള്ള കണക്കുപ്രകാരം 40 ഗർഭിണികളാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. മുസന്ദം ഒഴിച്ചുള്ള ഗവർണറേറ്റുകളിലെല്ലാം രോഗവ്യാപനം കൂടുതലാണ്. മസ്കത്തിലും വടക്കൻ ബാത്തിനയിലുമാണ് രോഗവ്യാപനം കൂടുതലെന്നും ഡോ.അൽ സഈദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല