
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍ സുപ്രീം കമ്മിറ്റി. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഈജിപ്ത്, സുഡാന്‍, ലബനന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും.
അതേസമയം, തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി ജൂണ്‍ 5 ഉച്ചക്ക് രണ്ടു മണി മുതല്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വരും. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും ഒമാൻ സർക്കാർ പ്രഖ്യാപിച്ചു. പള്ളികളില്‍ ഇനി 100 പേര്‍ക്കു വരെ ഒരേ സമയം പ്രവേശനം അനുവദിക്കും. അഞ്ചു നേരത്തെ നിസ്‌കാര സമയങ്ങളില്‍ മാത്രമായിരിക്കും പ്രവേശനം. ജുമുഅക്ക് അനുമതിയില്ല.
ചില വാണിജ്യ സ്ഥാപനങ്ങളില്‍ രാത്രി എട്ടിനും പുലര്‍ച്ചെ നാലിനും ഇടയില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി.ഹോട്ടലുകളിലും കഫേകളിലും ഒരേ സമയം 50 ശതമാനത്തില്‍ അധികം ഉപഭോക്താക്കള്‍ പാടില്ല. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഷോപ്പിങ് മാളുകളില്‍ പ്രവേശനത്തിനും അനുമതി നല്‍കി. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു സ്വദേശികള്‍ക്കും താമസക്കാരായ വിദേശികള്‍ക്കും കരാതിര്‍ത്തി വഴി ദിനംപ്രതിയുള്ള യാത്രക്കും അനുമതി നല്‍കി.
50 ശതമാനം ശേഷിയില്‍ ജിം വീണ്ടും തുറക്കും. 30 % പങ്കാളിത്തത്തോടെ വെഡ്ഡിംഗ് ഹാള്‍, എക്സിബിഷന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, വലിയ ഹാളുകള്‍ ആണെങ്കിലും 300ല്‍ കൂടുതല്‍ പേര്‍ ഒരേ സമയം ഹാളുകളില്‍ ഉണ്ടാകരുത്. പൊതു പാര്‍ക്കുകളും ബീച്ചുകളും തുറക്കാനും സുപ്രീം കമ്മിറ്റി യോഗം അനുമതി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല