
സ്വന്തം ലേഖകൻ: പകൽ സമയത്തെ വ്യാപാര വിലക്ക് നീക്കിയ സാഹചര്യത്തിൽ രാത്രി എട്ടുമണി വരെ കടകളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.അതേസമയം 12 വയസ്സുവരെയുള്ള കുട്ടികളെ വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പ്രവേശിപ്പിക്കുന്നതിനുള്ള നിരോധനം തുടരും. ശനിയാഴ്ച മുതലാണ് പെരുന്നാൾകാല ലോക്ഡൗൺ അവസാനിപ്പിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത്.
എന്നാൽ, രാത്രി എട്ടുമണി മുതൽ രാവിലെ നാലുവരെ കടകൾക്ക് അകത്ത് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് സുപ്രീം കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. ഈ സമയത്ത് പാർസൽ, ഹോം ഡെലിവറി സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. പ്രവർത്തന സമയത്ത് ഷോപ്പിങ് മാളുകളിലും റസ്റ്റാറൻറുകൾ, കഫേകൾ, കടകൾ എന്നിവിടങ്ങളിലും 50 ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
ഫുഡ് സ്റ്റോറുകളിൽ ദിവസം മുഴുവൻ ഉപഭോക്താക്കൾക്ക് പ്രവേശിക്കാം. വാഹന റിപ്പയർ കടകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, വാഹനം കഴുകൽ കേന്ദ്രങ്ങൾ എന്നിവയെല്ലാം തുറന്നുപ്രവർത്തിപ്പിക്കാം. ജിമ്മുകൾ, സ്പോർട്സ് ക്ലബുകൾ, പുൽമൈതാനികൾ, കുതിരവണ്ടികൾ എന്നിവയുടെ നിരോധനം പിൻവലിച്ചിട്ടില്ലെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തിലാണ് വിവിധ നിയന്ത്രണങ്ങൾ രോഗനിയന്ത്രണത്തിന് വേണ്ടിയുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചത്. രണ്ടാഴ്ച നിയന്ത്രണങ്ങൾക്കുശേഷം രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് കടകൾക്കും മറ്റും പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
ഒരാഴ്ചത്തെ ലോക്ഡൗണ്‍ അവസാനിക്കുകയും കച്ചവട സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കുകയും ചെയ്തതോടെ ശനിയാഴ്ച കട കമ്പോളങ്ങളും സൂഖുകളും തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ സുപ്രീംകമ്മിറ്റി ലോക്ഡൗണ്‍കാല പരിധി നീട്ടാതെ പ്രവർത്തനാനുമതി നൽകിയതില്‍ ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നവരൊക്കെ ആശ്വാസത്തിലാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ച മുവാസലാത്ത് ബസ് സർവിസുകൾ ഞായറാഴ്ച മുതൽ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. മസ്കത്ത്, സലാല എന്നിവിടങ്ങളിലെ സിറ്റി ബസുകളും വിവിധ റൂട്ടുകളിലെ സർവിസുകളുമാണ് കഴിഞ്ഞ ആഴ്ച മുതൽ നിർത്തിവെച്ചത്.
മേയ് 9 മുതൽ 15വരെ പ്രഖ്യാപിച്ച പെരുന്നാൾകാല ലോക്ഡൗണിെൻറ സന്ദർഭത്തിലാണ് മുവാസലാത്ത് ബസ് സർവിസുകൾ നിർത്തിയത്. രാത്രിയാത്ര നിരോധനമടക്കമുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞദിവസം സുപ്രീം കമ്മിറ്റി പിൻവലിച്ചതോടെയാണ് ബസ് ഓട്ടം പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇൻറർ സിറ്റി ബസ് സർവിസുകളടക്കം എല്ലാ റൂട്ടുകളിേലക്കുമുള്ള ബസുകളും ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും.
രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും നഗരങ്ങൾക്ക് അകത്ത് യാത്ര ചെയ്യുന്നവർക്കും പുതിയ തീരുമാനം ആശ്വാസകരമാണ്.ഇതോടെ, തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും കൂടുതൽ പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല