
സ്വന്തം ലേഖകൻ: ഒമാനിൽ വ്യക്തികളുടെയും വാഹനങ്ങളുടെയും രാത്രിയിലെ സഞ്ചാരത്തിന് ശനിയാഴ്ച മുതൽ വിലക്കില്ല. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച വിലക്ക് ഇനിയൊരറിയിപ്പു വരെ നീക്കുന്നതായി സുപ്രീം കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ രാത്രി എട്ടുമുതൽ രാവിലെ നാലുവരെ വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കുന്നത് നിരോധിച്ചു.
വിലക്കിൽ നിന്ന് ഡെലിവറി, പാർസൽ സർവിസുകളെയും ഭക്ഷണശാലകളെയും ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര കേന്ദ്രങ്ങളിലും കടകളിലും റസ്റ്റാറൻറുകളിലും കഫെകളിലും 50ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയമവും തുടരും. ഈ നിയമം പകൽസമയങ്ങളിലും ബാധകമാണ്.
സർക്കാർ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും ജീവനക്കാരിൽ 50ശതമാനം പേർ തൊഴിലിടങ്ങളിൽ തന്നെ ജോലിക്കെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തേ വീട്ടിൽനിന്ന് ജോലി ചെയ്യാനുള്ള ഇളവ് നൽകിയതാണ് ഇപ്പോൾ പിൻവലിച്ചത്. ജോലിസ്ഥലത്ത് എത്തിച്ചേരാത്ത പകുതി ജീവനക്കാർ വിദൂര സംവിധാനത്തിലൂടെ ഉത്തരവാദിത്തം നിർവഹിക്കണം. ഉത്തരവുകൾ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകൾക്കും ബാധകമാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും സ്വീകരിച്ചുവരുന്ന മുഴുവൻ സുരക്ഷ മുൻകരുതലുകളും തുടർന്നും നിർബന്ധപൂർവം സ്വീകരിക്കണമെന്നും മഹാമാരിയെ തടയുന്നതിൽ എല്ലാവരും പ്രതിജ്ഞബദ്ധരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സാധ്യമാകുന്ന എല്ലാ സ്വകാര്യ മേഖല കമ്പനികളും വർക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും ജോലിസ്ഥലങ്ങളിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണം നടപ്പാക്കുന്നതിന് പ്രവർത്തിച്ച റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ അടക്കമുള്ള മുഴുവൻ ഏജൻസികളെയും പ്രസ്താവനയിൽ അഭിനന്ദിച്ചു. ഒമാനിൽ കോവിഡിെൻറ പുതുതരംഗം ആശങ്ക വിതച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഒമാനിലെ മുഴുവൻ വ്യക്തികൾക്കും കോവിഡിനെതിരായ സുരക്ഷിതമായ വാക്സിൻ ലഭ്യമാക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പറഞ്ഞു. സർക്കാർ ഇതിനു വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും പെരുന്നാൾ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും സുൽത്താൻ പെരുന്നാൾ ആശംസ അറിയിച്ചു.
ഈ വർഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 15 ലക്ഷം വാക്സിൻ ഡോസുകൾ ലഭ്യമാകുന്നതോടെ കുത്തിവെപ്പുകൾ എല്ലാ ഗവർണറേറ്റുകളിലും വേഗത്തിലാകും. ഇതിനായി സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും കൺവെൻഷൻ സെൻററുകളും ഏറ്റെടുക്കുന്ന ജോലി പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല