
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ കോവിഡ് മുക്തി നിരക്കിൽ ഒമാൻ ഒന്നാം സ്ഥാനത്ത്. ഗൾഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍റർ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്. 93.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 102 ദശലക്ഷം ഡോസ് പ്രതിരോധ കുത്തിവെപ്പാണ് കോവിഡിനെതിരെ ഗൾഫ് കോഓപറേഷൻ കൗൺസിലിെൻറ രാജ്യങ്ങൾ നൽകിയത്. മേഖലയിലെ രോഗമുക്തി നിരക്ക് 91.7 ശതമാനവുമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് കുവൈത്തിലാണ്. വെള്ളിയാഴ്ച 6913കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ തുടങ്ങിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. മേഖലയിലെ കോവിഡ് തീവ്രത സൂചിക 24.2 ആണ്. ജനുവരി 27ന് 12 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. മഹാമാരി മൂലം നാലുപേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. രണ്ടുപേർ ബഹ്റൈനിലും മരിച്ചു. സൗദി അറേബ്യ, ഖത്തർ, ഒമാനിലും കുവൈത്ത് എന്നിവിടങ്ങളിൽ ഓരോ ആൾ വീതവും മരിച്ചു.
അതേസമയം, ഒമാനിൽ കഴിഞ്ഞ 15 ദിവസത്തിനിടെ 8500ൽ അധികം പേർക്കാണ് രോഗം ഭേദമായത്. ആകെ 3,08,825 ആളുകൾക്ക് ഇതുവരെ അസുഖം മാറിയത്. ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനാണ് ജനുവരി സാക്ഷ്യം വഹിച്ചിരിക്കുന്നത്. കേസുകൾ വർധിക്കുമ്പോഴും രോഗമുക്തി നിരക്ക് ഉയർന്നു നിൽക്കുന്നത് ആശ്വാസം നൽകുന്ന കാര്യമായിരുന്നു.
എന്നാൽ, ജനുവരി പകുതിയായപ്പോഴേക്കും രോഗമുക്തി നിരക്ക് താഴാൻ തുടങ്ങി. പ്രതിദിന കേസുകൾ ആയിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്ത പല ദിനങ്ങളിലും 200-300ആയിരുന്നു രോഗമുക്തി നിരക്ക്. കഴിഞ്ഞ 15 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗമുക്തി നിരക്ക് രേഖപ്പെടുത്തിയത് ജനുവരി 13നാണ്. 750പേർക്ക് രോഗം സ്ഥിരീകരിച്ച അന്ന് 171ആളുകൾക്ക് മാത്രമാണ് രോഗം ഭേദമായത്.
ജനുവരി 27നാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് ഭേദമായത്. 1120പേർ രോഗമുക്തി നേടിയ അന്ന് 2,441ആളുകൾക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം നിലവിൽ രാജ്യത്ത് 17,808 ആളുകളാണ് കോവിഡ് ബാധിതരായി കഴിയുന്നത്. 213 ആളുകൾ വിവിധ ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 30പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
4134 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. അടുത്തിടെ നടന്ന മരണങ്ങളിൽ 90 ശതമാനവും വാക്സിൻ എടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണനിരക്ക്. എന്നാൽ രണ്ട് ഡോസ് എടുത്തവരിൽ 2.5 ശതമാനം ആളുകൾ മാത്രമാണ് മരിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിക്കാത്തവരിലെ രോഗ നിരക്കും ഉയർന്നതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് കാണിക്കുന്നു. രോഗം ബാധിച്ചവരിൽ 89 ശതമാനവും വാക്സിനെടുക്കാത്തവരാണ്. ഒരു ഡോസ് സ്വീകരിച്ച ഏഴ് ശതമാനം ആളുകൾക്കും രണ്ട് ഡോസെടുത്ത 2.5 ശതമാനംപേർക്കും മാത്രമാണ് കോവിഡ് ബാധിച്ചത്.
12 വയസ്സിന് മുകളിലുള്ള രാജ്യത്തെ ജനസംഖ്യയുടെ 94 ശതമാനം ആളുകൾ ഒന്നാം ഡോസ് വാക്സിൻ ലഭിച്ചു. 87ശതമാനം ആളുകൾ രണ്ട് ഡോസും എടുത്തു. ബൂസ്റ്റർ ഡോസുകൾ വ്യപകമാക്കുന്നതിലൂടെ രോഗ മരണനിരക്ക് കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ കരുതുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല