
സ്വന്തം ലേഖകൻ: റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങൾക്കുള്ള കുടിവെള്ള വിതരണ സേവന ഫീസ് കുറക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച നിർദേശത്തിന് മന്ത്രിസഭായോഗം കഴിഞ്ഞദിവസം അംഗീകാരം നൽകി. അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സാമ്പത്തിക, സാമൂഹിക സൂചകങ്ങളിലെ തുടർച്ചയായ പുരോഗതിയിൽ സുൽത്താൻ സംതൃപ്തി രേഖപ്പെടുത്തി. എല്ലാ സർക്കാർ യൂനിറ്റുകളും ഇക്കാര്യത്തിൽ തുടർന്നും പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും കഴിഞ്ഞ വർഷത്തെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.
ഇറക്കുമതി കുറക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഉള്ളടക്കത്തിനായുള്ള ദേശീയ നയത്തിന് (2024-2030) മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, വ്യവസായങ്ങൾ പ്രാദേശികവത്കരിക്കുക, സംരംഭകരെ വികസിപ്പിക്കുകയും ദത്തെടുക്കുകയും ചെയ്യുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും വളർന്നുവരുന്ന കമ്പനികളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ഊന്നിപ്പറഞ്ഞു.
ഗവൺമെന്റ് പദ്ധതികളും പരിപാടികളും വിലയിരുത്തുന്നതിനുമായി നയങ്ങളുടെയും പദ്ധതികളുടെയും ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ദേശീയസ്ഥിതി വിവരകേന്ദ്രം നൽകുന്ന ഡാറ്റകൾ എല്ലാ സർക്കാർ യൂനിറ്റുകളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും സുൽത്താൻ ഊന്നിപ്പറഞ്ഞു. അൽ ജബൽ അൽ അബ്യാദ് പ്രദേശത്തിന്റെയും വക്കാൻ ഗ്രാമത്തിന്റെയും വികസനത്തിനു സമയപരിധി നിശ്ചയിക്കാനും നിർദേശങ്ങൾ നൽകി. യാത്രകൾ, ക്യാമ്പിങ്, സാഹസിക വിനോദസഞ്ചാരം എന്നിവക്കുള്ള രണ്ടു പ്രധാന സ്ഥലങ്ങളായി ഇവയെ വികസിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് ജബൽ അൽ അബ്യാദ് സ്ഥിതി ചെയ്യുന്നത്. മസ്കത്തിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് വാകൻ വില്ലേജ്.
സർക്കാർ സേവനങ്ങളുടെ വിലനിർണയ ഗൈഡിന്റെ കരട് മൂന്നാംഘട്ടത്തിന്റെ ഫലങ്ങൾ മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചു.ഫീസ് റദ്ദാക്കൽ, കുറക്കൽ, ലഘൂകരിക്കൽ, ലയിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെയും അതിന്റെ എല്ലാ പരിപാടികളുടെയും പ്രകടനം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ചൂണ്ടിക്കാട്ടി. വിവിധ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
റസിഡൻഷ്യൽ വിഭാഗത്തിനുള്ള കുടിവെള്ള സേവന കണക്ഷൻ ഫീസ് 200 ആയി കുറച്ചു. മുമ്പ് ഇത് 700 റിയാലായിരുന്നു. ഫീസ് കുറച്ചത് താമസക്കാർക്ക് ഗുണം ചെയ്യുമെന്നും ശുദ്ധമായ കുടിവെള്ളം ലഭ്യത മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഒമാനിലെ സർക്കാർ സേവനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സ്വാധീനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ സേവന ഫീസ് പുനഃപരിശോധിക്കാൻ സുൽത്താൻ നിർദേശം നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല